കോവിഡ് മൂന്നാംതരംഗം: തദ്ദേശ സ്ഥാപനങ്ങള്‍ജാഗ്രത ഉറപ്പാക്കണം- ജില്ലാ കളക്ടര്‍

കോവിഡ് മൂന്നാംതരംഗം: തദ്ദേശ സ്ഥാപനങ്ങള്‍ജാഗ്രത ഉറപ്പാക്കണം- ജില്ലാ കളക്ടര്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നുതുടങ്ങിയതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത
പുലര്‍ത്തുന്നുണ്ടെന്ന് കളക്ടര്‍ ഉറപ്പുവരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്് പഞ്ചായത്ത് പ്രസിഡന്റുമാരെ നേരിട്ട് വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.

കഴിഞ്ഞ ഒരാഴ്ച ടിപിആര്‍ റേറ്റ് കൂടുതല്‍ രേഖപ്പെടുത്തിയ അനിക്കാട്, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍, കുന്നന്താനം, മെഴുവേലി, നാറാണംമൂഴി, പള്ളിക്കല്‍, റാന്നി, റാന്നി- പഴവങ്ങാടി, വടശേരിക്കര, ചിറ്റാര്‍, തിരുവല്ല നഗരസഭ എന്നീ പതിമൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയാണ് കളക്ടര്‍ നേരിട്ടു വിളിച്ചത്.

മറ്റ് മഹാമാരികളുമായി തട്ടിച്ച് നോക്കുമ്പോള്‍ താരതമ്യേന രോഗവ്യാപന സാധ്യത കൂടുതലുള്ള രോഗമാണ് കോവിഡ്. കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് സാമൂഹിക പ്രതിരോധ ശേഷി അവശ്യമായ തോതില്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല.

അതിനാല്‍ വാര്‍ഡ് തലത്തില്‍ ടെസ്റ്റിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതിന് ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കണം. വാക്‌സിനേഷന്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. തിരക്ക്, ആള്‍ക്കൂട്ടം എന്നിവ ഒഴിവാക്കാനുള്ള ശ്രമം നടത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *