ഒറ്റക്കെട്ടായി ആരോഗ്യ മേഖലയെ മുന്നോട്ട് നയിക്കും: മന്ത്രി വീണാ ജോര്‍ജ്

 

സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗം, തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയു എന്നിവയുടെയും വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ച ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ആരും കോവിഡ് ജാഗ്രത കൈവിടരുത്. അഞ്ചു വര്‍ഷം കൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമം നടത്തുന്നതാണ്. മെഡിക്കല്‍ കോളജുകളെ ഏറ്റവും മികച്ച സ്ഥാപനങ്ങളാക്കും. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ വന്നിട്ട് കേവലം രണ്ട് മാസമേ ആയിട്ടുള്ളൂവെങ്കിലും വളരെയധികം ഊര്‍ജിതമായി പദ്ധതികള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനം സാക്ഷാത്ക്കരിച്ച ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാവരേയും ഒരുപോലെ അഭിനന്ദിക്കുന്നു. കോവിഡ് ചികിത്സയ്ക്കും നോണ്‍ കോവിഡ് ചികിത്സയ്ക്കും സര്‍ക്കാര്‍ ഒരു പോലെ പ്രാധാന്യമാണ് നല്‍കുന്നത്. മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ആശുപത്രികളിലൊരുക്കുന്നതോടൊപ്പം ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

സബ് സെന്റര്‍ മുതലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയാണ്. നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്ത് തന്നെ മുമ്പിലാണുള്ളത്. സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ്. അംഗീകാരം നേടിയെടുക്കാനായത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ ഒന്‍പതു സ്ഥാപനങ്ങളും കേരളത്തിലാണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ്. അംഗീകാരം നേടുന്ന സംസ്ഥാനവും കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, കളക്ടര്‍മാര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഡിഎംഒമാര്‍, ഡിപിഎംമാര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതവും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *