പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മാണം:പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് തീരുമാനം

പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മാണം:പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് തീരുമാനം

www.konnivartha.com : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പരാതികളും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. എംഎല്‍എയുടെ നിര്‍ദേശ പ്രകാരം കെഎസ്ടിപി സൂപ്രണ്ടിംഗ്് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കണ്‍സള്‍ട്ടന്‍സിയും നിര്‍മാണകമ്പനിയായ ഇകെകെയുടെ അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇട്ടിയപ്പാറ, പെരുമ്പുഴ, ഐത്തല, മാമുക്ക് ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങിയിട്ട് ആറു മാസത്തോളമായി. എട്ട് ദിവസത്തിനകം പണികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം സാധ്യമാക്കാന്‍ അധികൃതര്‍ക്ക് എംഎല്‍എ കര്‍ശന നിര്‍ദേശം നല്‍കി. ബ്ലോക്ക് പടി മുതല്‍ ചെത്തോംകര വരെയുള്ള റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. അധികൃതര്‍ നാലു മാസം ഇതിനായി ആവശ്യപ്പെട്ടെങ്കിലും രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. ഓണത്തിന് മുമ്പേ ഈ ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാകും.

കൈയേറ്റം നടന്ന ഭാഗങ്ങളില്‍ റീ സര്‍വേ നടത്താന്‍ കളക്ടറോട് എംഎല്‍എ ആവശ്യപ്പെട്ടു. ബസ് ബേകളുടെ എണ്ണം തിട്ടപ്പെടുത്തുക, റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിന് ഇരുവശത്തും താമസിക്കുന്നവരുടെ പരാതികള്‍ അടിയന്തരമായി പരിഹരിക്കുക, റാന്നി വൈക്കം സ്‌കൂളിലേക്ക് കലുങ്കിലുടെയുള്ള വെള്ളമൊഴുക്ക്് പരിഹരിക്കുക, ഇട്ടിയപ്പാറയിലും വലിയപറമ്പില്‍പടിയിലും ഓട ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്നത് മൂലം വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ചെത്തോംകര തോടിന്റെ വീതി വര്‍ധിപ്പിക്കുക. 33 കെവി വൈദ്യുത ലൈന്‍ അറ്റകുറ്റപ്പണി നടത്തുക, സര്‍ക്കാര്‍ വിലക്കെടുത്ത മൊത്തം ഭൂമിയും റോഡിനായി പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ എടുത്തു.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സിയും കെഎസ്ടിപി അധികൃതരും കാട്ടുന്ന ഉദാസീനത എംഎല്‍എ തുറന്നു കാട്ടി. നിര്‍മാണ കമ്പനി അവരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് നിര്‍മാണം നടത്തുന്നത്. അത്തരത്തില്‍ മുമ്പോട്ടു പോകാന്‍ ആകില്ലെന്ന് എംഎല്‍എ കര്‍ശനമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *