തദ്ദേശ സ്ഥാപന പരിധികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

തദ്ദേശ സ്ഥാപന പരിധികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും സെക്രട്ടറിമാരുമായും നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ തദ്ദേശസ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുകളും സഹകരണവും ആവശ്യമാണ്. തദ്ദേശ സ്ഥാപന പരിധികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ചില സ്ഥലങ്ങളില്‍ വിവാഹം, വീട് കയറി താമസം തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ വാര്‍ഡ് തലത്തില്‍ പ്രത്യേക ലക്ഷ്യംവച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

ജില്ലയില്‍ മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. എങ്കിലും ഇനിയും പഴുതറ്റ രീതിയില്‍ വാക്‌സിനേഷന്‍ പ്രക്രിയ മെച്ചപ്പെടുത്താന്‍ സാധിക്കും. പിഎച്ച്‌സികള്‍, സിഎച്ച്‌സികള്‍, എഫ്എച്ച്‌സികള്‍, അര്‍ബന്‍ പിഎച്ച്‌സികള്‍ എന്നീ കേന്ദ്രങ്ങള്‍ക്ക് ആനുപാതികമായി ഓരോ കേന്ദ്രത്തിനും ഒരു ഔട്ട് റീച്ച് സെന്റര്‍ കൂടി ആരംഭിക്കണം. പിഎച്ച്‌സികളില്‍ എത്ര വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ കൊടുക്കുന്നോ അത്ര തന്നെ സ്ലോട്ടുകള്‍ ഔട്ട് റീച്ച് സെന്ററുകളിലും നല്‍കണം. 50 ശതമാനം ഓണ്‍ലൈനായും 50 ശതമാനം ആശാ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ നിര്‍ദേശിക്കുന്നവര്‍ക്കും നല്‍കും. ഔട്ട് റീച്ച് സെന്ററുകളില്‍ വേണ്ട സൗകര്യങ്ങള്‍ തദ്ദേശ സ്ഥാനങ്ങള്‍ ഒരുക്കണം.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കിടപ്പു രോഗികളുടെ അടുത്തെത്തി വാക്‌സിനേഷന്‍ നടത്താന്‍ വേണ്ടി 10 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലിയേറ്റീവ് കിടപ്പു രോഗികള്‍ അധികമുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു പോലെയുള്ള പ്രോജക്ടുകള്‍ ആരംഭിക്കാവുന്നതാണ്.

അതിഥി തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വാക്‌സിനേഷനില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. നൂറ് ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാന്‍ സാധിക്കാത്ത നിരവധി വയോജനങ്ങള്‍ ജില്ലയിലുണ്ട്. തദ്ദേശസ്ഥാപന തലത്തില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കണം.

മഴക്കാല മുന്നൊരുക്കമെന്ന നിലയില്‍ കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ റെസ്‌ക്യു സെന്ററുകള്‍ ആരംഭിക്കണം. വെള്ളപൊക്ക ഭീഷണി നേരിടുന്ന കോളനികള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവടങ്ങളിലെ ആളുകള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രാണിരോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ശുചിത്വം, ഉറവിട നശീകരണം എന്നിവയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ഇതിനായി ഹരിതകര്‍മ്മസേനയെ ഊര്‍ജസ്വലമായി നിലനിര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *