കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു : കേന്ദ്ര ആരോഗ്യ സംഘം നാളെ കേരളത്തില്‍ എത്തും
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഉന്നതതലസംഘത്തെ കേരളത്തിലേയ്ക്ക് അയക്കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് കേന്ദ്രസംഘം കേരളത്തിനു പിന്തുണയേകും.
കേരളത്തിലേക്കുള്ള ആറംഗ കേന്ദ്രസംഘത്തെ ദേശീയ രോഗപ്രതിരോധ കേന്ദ്രം (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ്. കെ. സിങ് നയിക്കും. 2021 ജൂലൈ 30ന് (നാളെ) കേരളത്തിലെത്തുന്ന സംഘം ഏതാനും ജില്ലകളും സന്ദര്‍ശിക്കും.
ഈ സംഘം സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. താഴേത്തട്ടുവരെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതു നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യും.
1.54 ലക്ഷം പേരാണ് നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ളത്. ഇത് രാജ്യത്താകെ ചികിത്സയിലുള്ളവരുടെ 37.1 ശതമാനമാണ്. കഴിഞ്ഞ ഏഴുദിവസത്തെ നിരക്കുവര്‍ധന 1.41 ആണ്. സംസ്ഥാനത്ത് ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 17,443. സംസ്ഥാനത്ത് 12.93% എന്ന നിലയില്‍ ഉയര്‍ന്ന രോഗസ്ഥിരീകരണ നിരക്കാണ് രേഖപ്പെടുത്തുന്നത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 11.97 ശതമാനം. ആറു ജില്ലകളില്‍ 10 ശതമാനത്തിനു മുകളിലാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്.