പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും

പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ മുന്നോടിയായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്ന മന്ത്രി. ദീര്‍ഘവീക്ഷണത്തോടെയുള്ള മാസ്റ്റര്‍പ്ലാനാകും തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ കാത്ത്‌ലാബിന്റെ മികച്ചപ്രവര്‍ത്തനം വിലയിരുത്തി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 കോടിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് കോടി പത്തു ലക്ഷം രൂപ ചെലവിലാണ് സംസ്ഥാന സര്‍ക്കാര്‍ 14 ജില്ലകളിലും ജില്ലാ ആശുപത്രിയില്‍ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. ഭാവിയില്‍ ആശുപത്രിയില്‍ വരുന്ന എല്ലാ മാറ്റങ്ങളുടെയും അവലോകനം നടത്തുക, ആശുപത്രിയുടെ സുസ്ഥിര വികസനം ഉറപ്പു വരുത്തുക, ആശുപത്രിയുടെ നിലവിലെ പോരായ്മകള്‍ക്കു പരിഹാരം കണ്ടെത്തുക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക എന്നിവ വഴി രോഗി സൗഹൃദ ആശുപത്രി എന്ന രീതിയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെ മാറ്റിയെടുക്കുന്നതിനാണ് പദ്ധതി പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐഎന്‍കെഇഎല്ലിനാണ്് എന്‍എച്ച്എം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി മാതൃ ശിശു വിഭാഗം, പുതിയ ഒപി ബ്ലോക്ക്, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം, ഒപി, ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യങ്ങളോടെയുള്ള നേത്രവിഭാഗം, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അത്യാഹിത വിഭാഗം, ട്രയാജ്, കോണ്‍ഫറന്‍സ് ഹാള്‍, ഫാര്‍മസി തുടങ്ങിയ സൗകരങ്ങളോടെയാകും പത്തനംതിട്ട ജനറല്‍ ആശുപത്രി മാറുക. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള ഒരുകോടിയും പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്.

ഇതിന് മുന്നോടിയായി 17സെന്റ് സ്ഥലത്ത് 11.5 കോടി രൂപയുടെ ഒപി ബ്ലോക്ക് പണിയും. നബാര്‍ഡ്, സ്റ്റേറ്റ് ഫണ്ട് എന്നിവ ഉപയോഗിച്ച് ആരംഭിക്കുന്ന ഒപി ബ്ലോക്കിന് ഭരണാനുമതി ലഭ്യമാകുന്നതോടെ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പണികള്‍ ആരംഭിക്കും. അഞ്ച് നിലകളായി ആരംഭിക്കുന്ന ബ്ലോക്കില്‍ എംആര്‍ഐ, ട്രോമാകെയര്‍, ലാബ് തുടങ്ങിയ സൗകര്യങ്ങളും നാല് കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങളോടെ പൂര്‍ണ സജ്ജമായാകും ഒരുങ്ങുക. ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. സി.എസ്. നന്ദിനി, ആര്‍എംഒ ആഷിഷ് മോഹന്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനക്കല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയശങ്കര്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *