കേരളത്തില്‍ വാക്സിൻ ക്ഷാമം അതി രൂക്ഷം

കേരളത്തില്‍ വാക്സിൻ ക്ഷാമം അതി രൂക്ഷം

വാക്സിൻ ക്ഷാമം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം
* മുതിർന്ന പൗരൻമാർക്ക് 15നുള്ളിൽ ആദ്യ ഡോസ് വാക്സിൻ പൂർത്തിയാക്കും

സംസ്ഥാനത്തെ വാക്സിൻ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. പതിനൊന്നാം തീയതി വാക്സിൻ എത്തുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. വാക്സിൻ ക്ഷാമം കാരണം പല വാക്സിനേഷൻ കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്സിൻ പൂർണമായും തീർന്ന അവസ്ഥയാണ്. വാക്സിൻ സ്റ്റോക്കുള്ള കേന്ദ്രങ്ങളിൽ പൂർണമായും നൽകും. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷൻ യജ്ഞം വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. വാക്സിനേഷൻ വർധിപ്പിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആൾക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവർക്ക് ആഗസ്റ്റ് 15നുള്ളിൽ തന്നെ ആദ്യ ഡോസ് വാക്സിൻ നൽകാൻ മന്ത്രി നിർദേശം നൽകി. പ്രതിദിനം 5 ലക്ഷത്തോളം പേർക്ക് വാക്സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിച്ചതാണ്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ ഈ വിഭാഗത്തിന് പൂർണമായും ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിക്കും. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച 2,49,943 പേർക്കാണ് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ഇതുവരെ 2,20,88,293 പേരാണ് രണ്ട് ഡോസും എടുത്തത്. 1,56,63,417 പേർ ഒന്നാം ഡോസും 64,24,876 പേർ രണ്ടാം ഡോസും എടുത്തു. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേർക്ക് ഒന്നാം ഡോസും 18.3 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്സിൻ നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *