പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍

പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ് പരീക്ഷയ്ക്കായി പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍. ഈ മാസം 16ന് തുടങ്ങുന്ന പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും.

ജില്ലയില്‍ റാന്നി, കോന്നി, മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിലായി അഞ്ച് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 72 പുരുഷന്‍മാരും 129 സ്ത്രീകളും രണ്ടു ട്രാന്‍സ്‌ജെന്‍ഡേഴ്സുമുള്‍പ്പെടെ 203 പേരാണു ജില്ലയില്‍ നിന്നും പരീക്ഷ എഴുതുന്നത്. എസ്.സി വിഭാഗത്തില്‍ 69 പേരും എസ് ടി വിഭാഗത്തില്‍ നാലുപേരും പരീക്ഷ എഴുതുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി എട്ട് സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍വഴിയാണു ക്ലാസുകള്‍ സംഘടിപ്പിച്ചത്.

ഓണ്‍ലൈന്‍ പഠനം പ്രായത്തിനു തടസമല്ലെന്നു തെളിയിച്ചുകൊണ്ട് നിരന്തര മൂല്യനിര്‍ണയവും ഓണ്‍ലൈനായി പൂര്‍ത്തിയാക്കി. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ് അടൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ പി.ബി വര്‍ഗീസ് (67) ആണ്. പൂര്‍ണമായും
കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതുന്നത് കുളനട പഞ്ചായത്ത് ഹൈസ്‌ക്കൂളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *