സപ്ലൈക്കോ ഓണം ഫെയറിന് പത്തനംതിട്ടയില്‍ തുടക്കം
ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍
വീഴ്ച്ചയുണ്ടാകരുത്: മന്ത്രി വീണാ ജോര്‍ജ്
ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ ) ആഭിമുഖ്യത്തില്‍ ആരംഭിച്ച പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ലോകത്താകെ ഉണ്ടാക്കിയത്. കോവിഡ് പ്രതിസന്ധിയെ എല്ലാ തരത്തിലും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപടലാണ് സമൂഹത്തില്‍ നടത്തിവരുന്നത്. പ്രതിസന്ധിയുടെ ഇക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് ധനപരമായ പ്രതിസന്ധി ഉണ്ടെങ്കിലും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കുന്നതിന് വലിയ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. സര്‍ക്കാര്‍ പൊതുജന നന്മയ്ക്കായി ഗുണകരമായ ഇടപെടലാണ് ജില്ലാ ഓണം ഫെയര്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഇത് ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമാകട്ടെ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആദ്യ വില്‍പ്പന പത്തനംതിട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ നിര്‍വഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജര്‍ ആര്‍. രാജീവ്, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. അയൂബ്ഖാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, ടി.എം ഹമീദ്, സനോജ് മേമന, രാജു നെടുവംപുറം, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണം ഫെയറില്‍ പൊതുവിപണിയേക്കാള്‍
വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും
പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ കൃത്യമായ അളവില്‍ സപ്ലൈകോ ഓണം ഫെയറില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് സബ്സിഡി ലഭിക്കും. അല്ലാത്തവര്‍ക്ക് സാധാരണ നിരക്ക് ഈടാക്കും. പൊതുവിപണിയില്‍ ഇടപെട്ട് എല്ലാവര്‍ക്കും ഗുണകരമായ രീതിയില്‍ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, സ്റ്റേഷനറി സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഏത്തയ്ക്ക തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതാണ് ഓണം ഫെയര്‍. ഈ മാസം 20 വരെയാണ് ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് സപ്ലൈകോ ഓണം ജില്ലാ ഫെയറിന്റെ പ്രവര്‍ത്തന സമയം. ഈ മാസം 14 മുതല്‍ താലൂക്ക് തലത്തിലും സപ്ലൈകോ ഓണം ഫെയറിന് തുടക്കമാകും.