പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കം പൂര്‍ത്തിയായി

പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കം പൂര്‍ത്തിയായി

ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായുള്ള വിവിധ സേനകളുടെ പരിശീലനത്തിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പരേഡ് ഗ്രൗണ്ട് സന്ദര്‍ശിച്ചു. പോലീസ്, പോലീസ് വനിത, ഫോറസ്റ്റ്, എക്‌സൈസ്, റിസര്‍വ് പോലീസ് എന്നി വിഭാഗം പ്ലാറ്റൂണുകളുടെ പരിശീലനമാണ് നടന്നത്. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ അസി.കമാന്‍ഡന്റ് പി.പി സന്തോഷ്‌കുമാറാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അഭ്യര്‍ഥിച്ചു.

ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയിരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയം കവാടത്തില്‍ ക്രമീകരിച്ചിരിക്കുന്ന തെര്‍മല്‍ സ്‌കാനിംഗിനു വിധേയകമാകുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യണം. ആളുകള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *