പത്തനംതിട്ട ജില്ലയില്‍ 16 ബൈക്കില്‍ “റോമിയോ” സംഘം നിരത്തിലിറങ്ങി

പത്തനംതിട്ട ജില്ലയില്‍ 16 ബൈക്ക്”റോമിയോ” സംഘം നിരത്തിലിറങ്ങി

സ്ത്രീസുരക്ഷ ഉറപ്പാക്കല്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം തുടങ്ങിയ കര്‍ത്തവ്യനിര്‍വഹണം ലക്ഷ്യമാക്കിയുള്ള പിങ്ക് ബൈക്ക് പട്രോള്‍ സംഘത്തിന്റെ ഫ്‌ളാഗ് ഓഫ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. 16 ബൈക്ക് പട്രോള്‍ സംഘമാണ്(റോമിയോ)ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിലെ വനിതാ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും ചേര്‍ന്നതാണ് റോമിയോ സംഘം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രത്യേകിച്ചും മാനഭംഗം, സ്ത്രീധന സംബന്ധമായത്, ഓണ്‍ലൈനിലൂടെയുള്ള അതിക്രമങ്ങള്‍, പൂവാലശല്യം, തുടങ്ങിയവ തടയുന്നതിനും, നിലവിലെ സ്ത്രീസൗഹൃദ പോലീസ് പദ്ധതികള്‍ക്ക് ഊര്‍ജം നല്‍കുന്നതിനും ഉദ്ദേശിച്ച് ആരംഭിച്ച പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് പദ്ധതിയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് പൊതു സ്വകാര്യ ഇടങ്ങളിലും, സൈബര്‍ ലോകത്തും എല്ലാത്തരം സുരക്ഷയും ഉറപ്പാക്കും. സ്ത്രീ സുരക്ഷയ്ക്ക് പുറമെ, ക്വാറന്റൈന്‍ പരിശോധന തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലും റോമിയോ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പങ്കാളികളാകുമെന്നും, ജില്ല മുഴുവനും സേവനം ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ചടങ്ങില്‍ അഡീഷണല്‍ എസ്പി എന്‍. രാജന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ്പി ആര്‍. സുധാകരന്‍ പിള്ള, നാര്‍കോട്ടിക് ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ജെ. ജോഫി, ജില്ലാ സായുധ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *