പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : പ്രതികളെ ഇ ഡി കസ്റ്റഡിയില്‍ വാങ്ങി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : പ്രതികളെ ഇ ഡി കസ്റ്റഡിയില്‍ വാങ്ങി

കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഉടമ തോമസ് ഡാനിയല്‍ മകള്‍ റിനു മറിയം തോമസ് എന്നിവരെ കൂടുതല്‍ അന്വേഷണത്തിന് വേണ്ടി ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവായി . ഈ മാസം 18 വരെയാണ് ഇരുവരും ഇ ഡിയുടെ കസ്റ്റഡിയില്‍ ഉള്ളത് . പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ഉത്തരവ് ഇറക്കിയത് .
റിനുവിന് കോടതി അനുവദിച്ച ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം അവസാനിച്ചു . തോമസ് ഡാനിയലിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി 18 വരെയുള്ളത് അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയാക്കി മാറ്റി

കോടികളുടെ തട്ടിപ്പ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണം എന്ന് ഇ ഡി കോടതിയില്‍ ബോധിപ്പിച്ചു . കഴിഞ്ഞ 10 നു ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ എത്തിച്ചു എങ്കിലും അന്ന് കസ്റ്റഡിയില്‍ ലഭിച്ചില്ല .

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് 1976 മുതല്‍ ഇന്ന് വരെയുള്ള കാല ഘട്ടത്തില്‍ നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം ശേഖരിച്ചു . 2000 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . നിക്ഷേപകരുടെ വലുതും ചെറുതുമായ തുകകള്‍ അവര്‍ അറിയാതെ 21 കടലാസ് ഷെയര്‍ കമ്പനിയിലൂടെ വക മാറ്റുകയും സ്ഥാപനം പൊളിച്ച് ഉടമയും ഭാര്യയും 3 പെണ്‍ മക്കളും വിദേശത്തേക്ക് കടക്കുവാന്‍ ഉള്ള ശ്രമത്തിന് ഇടയിലാണ് പിടിയിലായത് .
പോപ്പുലര്‍ ഫിനാന്‍സ് പൊളിയുന്നകാര്യം ” കോന്നി വാര്‍ത്ത ഡോട്ട് കോം ” നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .

കേരളത്തിലും പുറത്തും ഉള്ള 258 ബാങ്ക് ശാഖകളിലൂടെ കോടികണക്കിന് രൂപയുടെ ഇടപാടുകള്‍ കുറഞ്ഞ കാലം കൊണ്ട് ഉടമയും മക്കളും നടത്തി . നിക്ഷേപക തുക അന്ന് തന്നെ വക മാറ്റി കടത്തി . ഭൂരിപക്ഷം തുകയും വിദേശത്തേക്ക് കടത്തി എന്നാണ് പോലീസ് കണ്ടെത്തല്‍ . 300 കോടി രൂപ കോന്നിയിലെ ചില ബിനാമികളുടെ പേരില്‍ വക മാറ്റിയതായും ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് .

15 വാഹനം പോലീസ് കസ്റ്റഡിയില്‍ ഉണ്ട് . കേരളത്തിന് വെളിയിലെ ചില വസ്തു പോലീസ് കണ്ടെത്തി . വകയാര്‍ ഹെഡ് ഓഫീസും വകയാറിലെ വീടും പോലീസ് സീല്‍ ചെയ്തു . മറ്റ് ഓഫീസുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നത് . കോന്നി ,തിരുവനന്തപുരം കൊച്ചി എന്നിവിടെ ഉള്ള കെട്ടിടങ്ങള്‍ വിറ്റിരുന്നു .
തോമസ് ഡാനിയലും റിനു മറിയം എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത് എന്നാണ് ഇ ഡി നിഗമനം .മറ്റ് രണ്ടു പെണ്‍ മക്കള്‍ക്കും തോമസ് ഡാനിയലിന്‍റെ ഭാര്യ പ്രഭയ്ക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് കണ്ടെത്തല്‍ .
സി ബി ഐ അന്വേഷണവും നടക്കുന്നു . പ്രതികളില്‍ ഒരാളായ സ്ഥാപന ഉടമകളില്‍ ഒരാളായ തോമസ് ഡാനിയലിന്‍റെ മാതാവ് വിദേശത്താണ് . ഇവരെ നേരത്തെ തന്നെ വിദേശത്തേക്ക് കടത്തി എന്നാണ് കണ്ടെത്തല്‍ . ഇവരെ അവിടെ നിന്നും കേരളത്തില്‍ എത്തിക്കാന്‍ സി ബി ഐ ഇന്‍റര്‍പോള്‍ സഹായം തേടും . വിദേശത്തെ നിക്ഷേപം സംബന്ധിച്ചാണ് സി ബി ഐ പ്രധാനമായി അന്വേഷിക്കുക .

Leave a Reply

Your email address will not be published. Required fields are marked *