പത്തനംതിട്ട ജില്ലയില്‍ കോവിഡ് ബോധവല്‍ക്കരണ പരിപാടികള്‍
ഊര്‍ജ്ജിതമാക്കും: ജില്ലാ കളക്ടര്‍
ബോധവല്‍ക്കരണ സന്ദേശവുമായി റോഡ് ഷോ ആരംഭിച്ചു
കോവിഡ് വ്യാപനത്തിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണകേന്ദ്രവും ആരോഗ്യവിഭാഗവും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണക്കാലത്ത് ശ്രദ്ധിക്കേണ്ട കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സജ്ജീകരിച്ച ബോധവല്‍ക്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. യൂണിസെഫിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള കോവിഡ് ബോധവല്‍ക്കരണ റോഡ്ഷോ അഞ്ചുദിവസം ജില്ലയിലുടനീളം സഞ്ചരിച്ച് ബോധവല്‍ക്കരണ സന്ദേശം നല്‍കും.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രചന ചിദംബരം, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ.സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാ ഭായി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തേജസ് ഉഴുവത്ത് എന്നിവര്‍ സംസാരിച്ചു.
ഓള്‍ഡേജ് ഹോം, കെയര്‍ ഹോം എന്നിവിടങ്ങളില്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തും: ജില്ലാ കളക്ടര്‍
കോവിഡ് പ്രതിരോധപ്രവര്‍ത്തകനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ ഓള്‍ഡേജ് ഹോമുകള്‍, കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കായി ടെസ്റ്റ് ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു തീരുമാനം. ഇതു സംബന്ധിച്ച് സോഷ്യല്‍ ജസ്റ്റീസ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
മല്ലപ്പള്ളി നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ സൈക്കോ സോഷ്യല്‍ റീഹാബിറ്റേഷന്‍ സെന്റര്‍ സി.എഫ്.എല്‍.ടിസിയാക്കി മാറ്റുന്നതിനു നടപടി സ്വീകരിക്കും. കാരുണ്യഭവനിലെ 121 അന്തേവാസികള്‍ക്കും മൂന്നു ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവായതോടെ ഭക്ഷണം, പരിചരണം എന്നിവ ലഭ്യമാക്കുന്നതിനായാണ് കാരുണ്യഭവനെ സി.എഫ്.എല്‍.ടി.സി ആക്കി മാറ്റുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെ സി.എഫ്.എല്‍.ടി.സിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇവിടെ ഭക്ഷണം ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് ഡെപ്യുട്ടി ഡറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ടെലിമെഡിസിന്‍ സംവിധാനം ഒരുക്കി ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.സി.എസ് നന്ദിനി, ഡി.ഡി.പി കെ.ആര്‍ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളും തയ്യാറായിരിക്കണം: ജില്ലാ കളക്ടര്‍
കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം തന്നെ സ്വകാര്യ ആശുപത്രികളും തയ്യാറായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
മാതൃകവചം പദ്ധതി പ്രകാരം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്ന മുഴുവന്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് ലഭിക്കുന്നുണ്ടെന്നു സ്വകാര്യ ആശുപത്രികള്‍ ഉറപ്പുവരുത്തണം. കൂടാതെ മറ്റു വാക്‌സിനേഷനും കൂടുതല്‍ നടത്തണം. സ്വകാര്യ ആശുപത്രികളുടെ പരിധിയില്‍ വരുന്ന കമ്യൂണിറ്റി ലിവിംഗ് സെന്ററുകളില്‍കൂടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ആശുപത്രികളില്‍ കൂടുതല്‍ ഐ.സി.യു, ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കണം. പീഡിയാട്രിക് ഫെസിലിറ്റികള്‍ എന്നിവ വര്‍ധിപ്പിക്കുകയും വേണം. ഓക്‌സിജന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 60 വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചെന്നും കളക്ടര്‍ പറഞ്ഞു.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ജില്ല എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയെന്ന് യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികളുടെ പ്ലാനുകള്‍ അടുത്തതായി ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലാ ഭരണകേന്ദ്രവുമായി തുടര്‍ന്നും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുമെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ അറിയിച്ചു.
യോഗത്തില്‍ ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.