ചരിത്രം കുറിച്ച് പിതാവും പുത്രിയും പോലീസ് ഓഫീസർമാർ
ന്യു യോർക്ക്: അമേരിക്കയില്‍ പോലീസില്‍ ചേരുന്ന അഞ്ചാമത്തെ മലയാളി വനിതയാണ് അഞ്ജലി അലക്‌സാണ്ടര്‍. ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ പെല്ലാം വില്ലേജ് മേയര്‍ ചാന്‍സ് മുള്ളന്‍സ് മുമ്പാകെ അഞ്ജലി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മറ്റൊരു ചരിത്രവും കൂടി സൃഷ്ടിക്കപ്പെട്ടു. പിതാവും പുത്രിയും ഒരേ സമയം പോലീസ് ഓഫീസര്‍മാർ. ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ഇതാദ്യം.
പിതാവ് ടൈറ്റസ് അലക്‌സാണ്ടര്‍ വെസ്റ്റ് ചെസ്റ്ററിലെ റൈബ്രൂക്കില്‍ ഓഫീസറാണ്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 1997-ല്‍ ഓഫീസറായി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണകാലത്ത് അവിടെ എത്തിയ ആദ്യ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു.
പിന്നീട് 2006-ല്‍ വെസ്റ്റ് ചെസ്റ്ററിലെ തന്നെ ന്യൂറോഷല്‍ പോലീസിലേക്ക് മാറി. അതിനുശേഷം റൈ ബ്രൂക്കിലേക്കും. സ്ഥലം മാറ്റമല്ല, ടെസ്റ്റ് ഒക്കെ എഴുതി തന്നെ വേണം പുതിയ സ്ഥലത്ത് ജോലി നേടാന്‍.
പോലീസ് ജോലിയോട് ചെറുപ്പത്തിലേ താത്പര്യമുണ്ടായിരുന്നുവെന്ന് ഓഫീസര്‍ ടൈറ്റസ് പറഞ്ഞു. പുത്രി പക്ഷെ പഠിച്ചത് നഴ്‌സിംഗാണ്. അതിനുശേഷം റോഡിയോളജി. ഏതാനും നാള്‍ മുമ്പ് പെല്ലാമില്‍ പോലീസ് ഓഫീസർ ടെസ്റ്റ് എഴുതി. പെട്ടെന്നു തന്നെ അവിടെ നിന്ന് വിളിയും വന്നു. ഇനി അഞ്ചര മാസത്തെ ട്രെയിനിംഗ് ഉണ്ട്.
നഴ്‌സിംഗ് പോലെ തന്നെ ജനസേവനം നടത്തുന്ന രംഗമാണ് പോലീസും എന്നു ടൈറ്റസ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും കുഴപ്പമില്ല.
പോലീസിലെ ജോലി കുറച്ച് കഠിനം ആണെന്നത് ശരി തന്നെ. പ്രത്യേകിച്ച് അടുത്ത കാലത്തായി. അതുപോലെ തന്നെ അതില്‍ ഇപ്പോഴും ഒരു റിസ്‌ക് എപ്പോഴുമുണ്ട്. എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എങ്കിലും അത്രയ്ക്ക് ആശങ്കപ്പെടേണ്ടതില്ല.
താനൊക്കെ ജോലിക്ക് കയറുമ്പോള്‍ വിവേചനവും മറ്റും അനുഭവപ്പെട്ടിരുന്നു. നമ്മുടെ നിറം കാണുമ്പോള്‍ ഇതാരെന്നു മറ്റുള്ളവർ ചിന്തിക്കുന്ന കാലം. പക്ഷെ ഇന്നിപ്പോള്‍ പോലീസില്‍ നിറയെ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ളവരാണുള്ളത്. ധാരാളമായി ഇന്ത്യക്കാരും മലയാളികളും പോലീസില്‍ ചേരുന്നു.
ടൈറ്റസ് എട്ടാം വയസിലാണ് അമേരിക്കയിലെത്തിയത്.
ടൈറ്റസിന്റെ ഭാര്യ ഷൈനി അലക്‌സാണ്ടര്‍ ആര്‍.എന്‍ ആണ്. ഇളയ പുത്രന്‍ മാത്യു വിദ്യാര്‍ഥി. ടൈറ്റസിന്റെ പിതാവ് പരേതനായ വി.എ. അലക്‌സാണ്ടര്‍ വേങ്കടത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു. കോട്ടയത്ത് പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റായിരിക്കെയാണ് (1970) പ്രസ്‌ക്ലബിന്റെ തിരുനക്കരയിലെ കെട്ടിടം നിര്‍മ്മിച്ചത്. കെ.എം. റോയി ആയിരുന്നു അന്നത്തെ സെക്രട്ടറി. അമ്മ പരേതയായ ഏലിയാമ്മ അലക്‌സാണ്ടര്‍ മാരാമണ്‍ സ്വദേശി.
ഓഫീസര്‍ അഞ്ജലി അലക്‌സാണ്ടറെ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് പ്രസിഡന്റ് തോമസ് ജോയി (തമ്പാന്‍) സംഘടനയിലേക്ക് സ്വാഗതം ചെയ്തു. പിതാവും പുത്രിയും ഒരേസമയം അംഗമാകുന്നതില്‍ അദ്ദേഹം അഭിമാനംകൊണ്ടു.