കളക്‌ടേഴ്‌സ്@സ്‌കൂള്‍പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍

സ്‌കൂളുകളിലെ മാലിന്യശേഖരണത്തിന്റേയും തരംതിരിക്കലിന്റേയും ബോധവത്ക്കരണം വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പദ്ധതിയായ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഓമല്ലൂര്‍ഗവ. എച്ച്.എസ്.എസ് ല്‍ നടന്ന ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു.

 

വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളിലൂടെ മാലിന്യ സംസ്‌കരണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച് ഭാവിയില്‍ പൊതുസമൂഹത്തിനുതന്നെ മാലിന്യം സമ്പത്താണെന്നും അവ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിച്ചാല്‍ മാത്രമേ പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാകാതിരിക്കുകയുള്ളൂവെന്നും മനസിലാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

 

ഇപ്പോഴും നമുക്കിടയിലെ ഭൂരിഭാഗം ജനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് അരികുകളില്‍ നിക്ഷേപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത് മനുഷ്യജീവനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്. ഇവയ്‌ക്കൊരു മാറ്റം വന്നാല്‍ മാത്രമേ നമ്മുടെ നാട്ടിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളു.  ഇതിനായി എല്ലാ വിദ്യാര്‍ത്ഥികളിലും പുതിയൊരുശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിന്  കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി സഹായമാകും. ശുചിത്വമിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍, പാല്‍ കവര്‍, പേപ്പര്‍ എന്നി നാലിനങ്ങള്‍ നിക്ഷേപിക്കാനുള്ള മിനി മെറ്റീരിയല്‍ കളക്ഷന്‍ ബിന്നുകള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ബിന്നുകള്‍ നിറയുമ്പോള്‍ തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയവയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ കാരണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ചടങ്ങില്‍ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ തയ്യാറാക്കിയ ഹ്രസ്വ വീഡിയോ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ശുചിത്വ പ്രതിജ്ഞയെടുത്തു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, പത്തനംതിട്ട എ.ഇ.ഒ ടി.എസ്.സന്തോഷ്‌കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വില്‍സണ്‍ തോമസ്, ഹെഡ്മിസ്ട്രസ് എസ്.സിന്ധു, സ്‌കൂള്‍ പി.ടി.എഅംഗം മനു, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വിശ്വനാഥന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *