പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്തനിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കും

പ്രകൃതി ദുരന്ത നിവാരണം: പ്രവര്‍ത്തനാവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്തനിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്ത നിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പ്രകൃതി ദുരന്ത നിവാരണം സംബന്ധിച്ച സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍(ഡിസി വോളണ്ടിയര്‍മാര്‍) എന്നിവര്‍ പങ്കെടുത്ത ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
വിവിധ വകുപ്പുകളുടെ സമയോജിതമായ ഇടപെടല്‍ മൂലം കഴിഞ്ഞ  വര്‍ഷം അവസാന മാസങ്ങളില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതിയില്‍  ആള്‍നാശം പോലെ വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ ഫലപ്രദമായി തരണം ചെയ്യാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പറഞ്ഞു.  ജില്ലയിലെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരുന്നു. പ്രളയവുമായി ബന്ധപ്പെട്ട് പ്രത്യേക ടീം പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.  പ്രകൃതിക്ഷോഭങ്ങള്‍ ഫല പ്രദമായി കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും സാധാരണക്കാരായ ജനങ്ങളെയും അഭിനന്ദിക്കുന്നു. ദുരന്തം ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യം മുന്നില്‍കണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ശാസ്ത്രീയവും ഫലപ്രദവുമായ പഠന അനുബന്ധ സമീപനമാണ് ഉറപ്പാക്കുന്നത്. ദുരന്തമുഖത്തുനിന്ന് പഠിക്കുന്ന പാഠങ്ങള്‍ വരും കാലങ്ങളില്‍ ദുരന്തം ഒഴിവാക്കാനുള്ള മാര്‍ഗമായി മാറണം.
അന്താരാഷ്ട്ര തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സര്‍ക്കിള്‍ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പ്രാവര്‍ത്തികമാക്കി വരുന്നത്. ദുരന്തത്തെ തുടര്‍ന്ന് ഇരയായവര്‍ക്ക് ധന സഹായം, പുനരധിവസിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.   വരുംകാലങ്ങളില്‍ ദുരന്തം ഒഴിവാക്കാന്‍ ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ സ്വീകരിച്ച് ഫലപ്രദമായി പ്രാവര്‍ത്തികമാക്കും.  ഡിസി വോളണ്ടിയര്‍ ടീം തയാറാക്കിയ പഠന റിപ്പോര്‍ട്ടിനൊപ്പം ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന് സമര്‍പ്പിക്കും.
പത്തനംതിട്ട ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കിയ ദുരന്ത നിവാരണ പ്രവര്‍ത്തനം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും.
പ്രളയത്തില്‍ പാലങ്ങളില്‍ അടിഞ്ഞ് കൂടിയ തടികള്‍ മാറ്റാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നദിയിലെ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസം നില്‍ക്കുന്ന ചെളി ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തമുഖത്ത് ആധുനിക യന്ത്രസംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കും. ഡിസി വോളണ്ടിയര്‍ വിഷ്ണു ദുരന്ത നിവാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അവതരണം നടത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, കെ.എസ്.ഇ.ബി ഡാം സേഫ്റ്റി എഞ്ചിനീയര്‍ പ്രദീപ്, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.എസ്. കോശി, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍, ഡിസി വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *