ഒമിക്രോണ്‍: സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍
പ്രത്യേക ശ്രദ്ധ നല്‍കണം
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒമിക്രോണ്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹൈ റിസ്‌ക്ക്, ലോ റിസ്‌ക്ക് വ്യത്യാസം ഇല്ലാതെ എല്ലാവരും ഏഴ് ദിവസം ക്വാറന്റൈനില്‍ ഇരിക്കണം.
വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിവരുന്നു. പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ വീണ്ടും ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഒമിക്രോണാണെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ഗൈഡ്‌ലൈന്‍സ് അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ക്വാറന്റൈനുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒമിക്രോണിന്റെ വ്യാപന തോത് കൂടുതലായതിനാല്‍ പൊതു ഇടങ്ങളിലും, ക്ലോസ്ഡ് ഇടങ്ങളിലും ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ക്ലോസ് സ്‌പേസ് ഇടങ്ങളില്‍ മീറ്റിംഗുകള്‍ എയര്‍ കണ്ടീഷന്‍ റൂമില്‍ അടച്ചിട്ട് നടത്തുന്നത് അപകടകരമാണ്. ഇത്തരം ഇടങ്ങളില്‍ മാസ്‌ക്ക് ഉപയോഗിക്കാതെയുള്ള സംസാരം പാടില്ല.
ആരോഗ്യ വകുപ്പ് ഹോം കെയര്‍ പരിശീലനം നടത്തിവരുന്നു. കോവിഡ് ഡെല്‍റ്റാ വകഭേദത്തെക്കാള്‍ മൂന്ന് ഇരട്ടി വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വീട്ടില്‍ ഒരാള്‍ക്ക് വന്നാല്‍ എല്ലാവര്‍ക്കും വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണം. തുടക്കം മുതല്‍ ആരോഗ്യ വകുപ്പ് കൃത്യമായ നപടികളാണ് സ്വീകരിച്ച് വരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഇതുമായി ബന്ധപ്പെട്ട ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്കും ഹോം കെയര്‍ പരിശീലനം നടത്തിവരുന്നു. കോട്ടയത്ത് ഇന്നലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം ഒരു കാരണവശാലും ഒരിടത്തും ഉണ്ടാകാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ആശുപത്രികളില്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ ധരിച്ചിരിക്കണം. നിലവിലുള്ള ആശുപത്രി സംവിധാനത്തിലെ സുരക്ഷാ ഓഡിറ്റ് നടത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടോ, ആവശ്യമായ സ്ഥലങ്ങളിലാണോ സ്ഥാപിച്ചിരിക്കുന്നത് തുടങ്ങിയവ പരിശോധിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ അവശ്യമായ ഇടങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഇടങ്ങളിലും ആരോഗ്യ ജീവനക്കാര്‍ ജോലി ചെയ്യുന്ന കാഷ്വാലിറ്റി ഉള്‍പ്പെടുന്ന സ്ഥലങ്ങളിലും സ്വകാര്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം സ്ഥലങ്ങളില്‍ ആവശ്യമായ ഇടത്ത് സിസിടിവി സ്ഥാപിക്കും. ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.