ഒമിക്രോണ്‍: അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

ഒമിക്രോണ്‍: അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

ഒമിക്രോണ്‍ വൈറസിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മലേറിയ വിമുക്ത ബ്ലോക്ക് തല പ്രഖ്യാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിതീവ്ര വ്യാപനശേഷിയുള്ള ഒമി ക്രോണിനെ പ്രതിരോധിക്കാന്‍ വലിയ ജാഗ്രതയുണ്ടാവണം. കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ദേശീയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ്. പതിറ്റാണ്ടുകളായി കേരളം നടത്തിയ കൂട്ടായശ്രമത്തിന്റെ ഫലമാണത്. ഇത്തരം കൂട്ടായ ശ്രമങ്ങള്‍ ഇനിയുള്ള നാളുകളിലും തുടരണം. കേരളത്തിലെ ആരോഗ്യമേഖല ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു. പ്രധാന ആശുപത്രികളും ഇപ്പോള്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. 2025 ല്‍ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച പീഡിയാട്രിക് ഐ സി യു ഫെബ്രുവരിക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മലേറിയ വിമുക്ത ബ്ലോക്ക് സര്‍ട്ടിഫിക്കറ്റ് മന്ത്രി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ളക്ക് കൈമാറി.പറക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴു ഗ്രാമ പഞ്ചായത്തുകളിലും അടൂര്‍ നഗരസഭയിലും ആരംഭിച്ച മലേറിയ എലിമിനേഷന്‍ കാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് ജില്ലയിലെ ആദ്യ മലേറിയ വിമുക്ത ബ്ലോക്കായി മാറുവാന്‍ സാധിച്ചത്. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലും മലേറിയ മുക്തപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലിടീച്ചര്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) എല്‍. അനിതാകുമാരി, ഡെപ്യൂട്ടി ഡി എം ഒ സി . എസ്. നന്ദിനി,എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *