റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  നടത്തും 

റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്: ജില്ലാ കളക്ടര്‍
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് അയ്യര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ആലോചിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
പോലീസിന്റെ മൂന്നും, എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഒന്നു വീതവും ടീമുകള്‍ പരേഡില്‍ പങ്കെടുക്കും. പരേഡ് റിഹേഴ്‌സല്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്നിനും 24ന് രാവിലെ ഏഴിനും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.  പ്രവേശന കവാടത്തില്‍  തെര്‍മല്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ (ആരോഗ്യം) ചുമതലപ്പെടുത്തി. പതാക, സ്റ്റേഡിയം, കസേരകള്‍, എന്നിവ സജ്ജമാക്കുന്നതിന് പത്തനംതിട്ട നഗരസഭയെ ചുമതലപ്പെടുത്തി.  സല്യൂട്ടിംഗ് ബേസും പവലിയനും സജ്ജമാക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയും, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, വൈദ്യുതി എന്നിവയ്ക്ക് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗത്തെയും ചുമതലപ്പെടുത്തി. ഇരിപ്പിടം,  പ്രഭാതഭക്ഷണം, ഹാന്‍ഡ് സാനിറ്റൈസര്‍, വെള്ളം, സോപ്പ്, മാസ്‌ക് എന്നിവ തഹസീല്‍ദാര്‍ ക്രമീകരിക്കും. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം  അലക്സ്.പി.തോമസ്,  വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *