ഗ്രേസിന് സാന്ത്വനമേകാൻ ഡെപ്യൂട്ടി സ്പീക്കർ എത്തി : പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കർ വഹിക്കും

 

ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. അച്ഛനും അമ്മയും മരണപ്പെടുകയും ഏകാകിയായി മാറുകയും ചെയ്ത ഗ്രേസിന് സ്നേഹ സ്പർശമായി മാറി ഡെപ്യൂട്ടി സ്പീക്കറുടെ സന്ദർശനം. അച്ഛന്റെയും അമ്മയുടെയും ചികിത്സയ്ക്കായി അച്ഛൻ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ഗ്രേസ് ബുദ്ധിമുട്ടുകയാണ് എന്നറിഞ്ഞായിരുന്നു ചിറ്റയം എത്തിയത്.

എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിവർത്തിയില്ലാതെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുകയും സ്ഥലം ജപ്തി ചെയ്ത് ബോർഡ് വയ്ക്കുകയും ഗ്രേസിന് ഇത് തിരിച്ചടയ്ക്കാൻ യാതൊരു മാർഗ്ഗവും ഇല്ല എന്ന കാര്യം പത്രവാർത്തയിലൂടെയാണ് ഡെപ്യൂട്ടി സ്പീക്കർ അറിയുന്നത്.

ഡെപ്യൂട്ടി സ്പീക്കർ ഗ്രേസിനെ വീട്ടിൽ പോയി സന്ദർശിക്കുകയും എല്ലാ ബാധ്യതകളും തീർക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഗ്രേസിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഏറ്റെടുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.’

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപുഴ, വാർഡ് മെമ്പർ സ്വപ്ന, ഗ്രാമ പഞ്ചായത്തംഗം അമ്പാടി രാജേഷ്, അടൂർ നഗരസഭാ കൗൺസിലർ രാജി ചെറിയാൻ, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മണക്കാല രാജേഷ്, ബീനാ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗവൺമെന്റുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയാണ് ഡെപ്യൂട്ടി സ്പീക്കർ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *