നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിന്റെ നിര്‍മാണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയക്കെടുതികള്‍ നേരിട്ട ജനങ്ങള്‍ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും നമുക്ക് സാധിക്കണം. പരമ്പരാഗത ജലസ്രോതസുകളില്‍ പലതിലും ഇന്ന് വെള്ളമില്ല. ഈ സ്ഥിതി ഭാവിയില്‍ നാടിനെ ദുരന്തത്തിലേക്ക് നയിക്കുമെന്നു കണ്ടാണ് ജലജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഏറെ പ്രധാന്യം നല്‍കുന്നത്. മന്ത്രി സജി ചെറിയാന്റെ നിര്‍ദേശം പരിഗണിച്ച് ഈ വര്‍ഷം തന്നെ വേമ്പനാട്ട് കായല്‍ നവീകരണ പദ്ധതിയില്‍ ഉത്രപ്പള്ളിയാര്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ആദി പമ്പയും വരട്ടാറും കടന്നു പോകുന്ന മേഖലയുടെ നിലനില്‍പ്പിനു തന്നെ ഏറെ പ്രാധാന്യമുള്ള പദ്ധതിയാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രാഷ്ട്രീയം മറന്ന് എല്ലാവരും വികസനത്തിനൊപ്പമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോശാമ്മ ജോസഫ്, ജെബിന്‍ ബി. വര്‍ഗീസ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിള, മറ്റു ജനപ്രതിനിധികളായ പി.വി. സജന്‍, കെ.ജി. സഞ്ജു, ഇറിഗേഷന്‍ സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ഡി. സുനില്‍ രാജ്, ചീഫ് എന്‍ജിനിയര്‍ അലക്‌സ് വര്‍ഗീസ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജെ. ബേസില്‍ എന്നിവര്‍ പങ്കെടുത്തു.
4.2 കിലോമീറ്റര്‍ നീളമുള്ള ആദിപമ്പയും 9.4 കിലോമീറ്റര്‍ നീളമുള്ള വരട്ടാറും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, കോയിപ്രം, ഇരവിപേരൂര്‍, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്നവയാണ്. രണ്ട് നദികളുടെയും ജലമൊഴുക്ക് സുഗമമാക്കി സമീപ പ്രദേശങ്ങളിലെ കൃഷിക്കും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കുക, മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണുക എന്നിവയാണ് പുനരുജ്ജീവന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തൃക്കയില്‍ പാലം പൂര്‍ത്തിയാകുന്നതോടെ വൃന്ദാവന്‍ കോളനി ഉള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ യാത്രാക്ലേശത്തിനും പരിഹാരമാകും. 4.97 കോടി രൂപയാണ് തൃക്കയില്‍ പാലത്തിന്റെ നിര്‍മാണച്ചെലവ്. 43.93 കോടി രൂപയാണ് ആദി പമ്പ-വരട്ടാര്‍ രണ്ടാം ഘട്ട പുനരുജ്ജീവന പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.