പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാൻ ചർച്ച തുടങ്ങി.
പത്തനംതിട്ട നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിവരുന്ന മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങളിൽ നഗരസഭാ കൗൺസിൽ ചർച്ച ആരംഭിച്ചു. നിലവിൽ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികളാണുളളത്. സെൻട്രൽ ഏരിയ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ്, മുനിസിപ്പൽ ബസ്സ് സ്റ്റാൻഡ്, കുമ്പഴ, കണ്ണങ്കര എന്നിവയാണ് നിലവിലുള്ള പദ്ധതികൾ. നഗരത്തിന് പൊതുവായ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ വിശദ നഗരാസൂത്രണ പദ്ധതികൾ പ്രത്യേകമായി നിലനിർത്തേണ്ടതില്ലെന്ന് ഇന്നത്തെ (15-02-2022) കൗൺസിൽ യോഗം തീരുമാനിച്ചു.
അഞ്ച് പദ്ധതികളും മാസ്റ്റർ പ്ലാനിൽ ലയിപ്പിക്കാനുള്ള സ്പെഷ്യൽ കമ്മിറ്റിയുടെ നിർദ്ദേശമാണ് യോഗം അംഗീകരിച്ചത്. കൂടാതെ പൂർത്തിയായ സാമൂഹ്യ വികസന വിശകലനങ്ങൾ കൗൺസിലിൽ ജില്ലാ ടൗൺ പ്ലാനർ അരുൺ.ജി അവതരിപ്പിച്ചു. വീണ്ടും കൗൺസിൽ യോഗം ചേർന്ന് മാസ്റ്റർപ്ലാന്റെ നിർദ്ദേശങ്ങൾ വിശദമായി ചർച്ച ചെയ്യും. ജനങ്ങൾക്ക് അഭിപ്രായം അറിയിക്കുന്നതിനുവേണ്ടി കൗൺസിൽ ചർച്ചകൾക്ക് സമാന്തരമായി നഗരത്തിൽ പൊതു സെമിനാറുകൾ സംഘടിപ്പിക്കും. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തിയാകും കൗൺസിൽ മാസ്റ്റർ പ്ലാൻ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നത്.
കഴിഞ്ഞ 16 വർഷമായി മുടങ്ങിക്കിടക്കുന്ന മാസ്റ്റർ പ്ലാൻ സമയബന്ധിതമായി പ്രസിദ്ധീകരിക്കുമെന്നും നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു. നഗരസഭാ കൗൺസിലിലെ ചർച്ചകൾ മാർച്ച് മാസം തന്നെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാർ, പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, സി.കെ അർജ്ജുനൻ, റോസ് ലിൻ സന്തോഷ്, എം.സി.ഷെരീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.