പത്തനംതിട്ട : കൊടുമൺ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്നഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ്
രാത്രികാല പട്രോളിംഗ് സംഘം വലയിലാക്കി.
കോന്നി പയ്യനാമൺ കിഴക്കേചരുവിൽ ബിജു കെ (46), കൊല്ലം പത്തനാപുരം പിറവന്തൂർ പൂവൻ മുന്നൂർ ശ്യാംകുമാർ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തൻവിളയിൽ ഗോപേഷ് കുമാർ (41) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ (15.02.2022) വെളുപ്പിന് 1.20 മണിക്ക് കൊടുമൺ പോലീസ് രാത്രികാല പട്രോളിങ്
നടത്തിവരവേ ചന്ദനപ്പള്ളി വലിയപ്പള്ളി കഴിഞ്ഞ് പാലത്തിനടുത്ത് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. കെ ഏൽ 80 /1965 നമ്പറുള്ള പിക്ക് അപ്പ് വാനിൽ പ്രതികൾ ഇരുമ്പുകമ്പികളും മറ്റും കയറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് പാർട്ടി എത്തിയത്. പോലീസ് ജീപ്പ് കണ്ട ഉടൻ ഇവർ വാഹനത്തിൽ കയറി ചന്ദനപ്പള്ളി കൂടൽ റോഡേ അതിവേഗം കടന്നു. തുടർന്ന് നെടുമൺകാവ് റോഡിലൂടെ പാഞ്ഞ പിക്ക് അപ്പ് വാഹനത്തെ എസ് സി പി ഓ
സക്കറിയായും ഡ്രൈവർ സി പി ഓ രാജേഷും അടങ്ങിയ കൊടുമൺ പോലീസ് സംഘം പിന്തുടർന്നു.
ഇതിനിടെ വയർലെസ്സിലൂടെ വയർലെസ് കൺട്രോൾ റൂമിലും കൂടൽ മൊബൈൽ സംഘത്തെയും വിവരം അറിയിച്ചു.1.40 ന് കൂടൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട
മുറിഞ്ഞകൽ മരുതിക്കാല എന്ന സ്ഥലത്തുവച്ച്, പിന്തുടർന്നെത്തിയ കൊടുമൺ പോലീസ് സംഘം വാഹനം തടഞ്ഞു രണ്ടുപേർ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ, മറ്റു രണ്ടു പ്രതികളുമായി
ചേർന്ന് പാലം കോൺക്രീറ്റ് ചെയ്യാൻ വേണ്ടി ഇറക്കിയിട്ട ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച്
വാഹനത്തിൽ കയറ്റുകയായിരുന്നെന്ന് സമ്മതിച്ചു, തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എ ടി എം കാർഡ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ വാഹനം ബന്ധവസ്സിലെടുത്തു. ഓടിപ്പോയവർ വാനിന്റെ താക്കോൽ കൊണ്ടുപോയതിനാൽ കൂടലിൽ നിന്നും ക്രയിൻ വരുത്തി പിക്ക് അപ്പ് പോലീസ് കൊടുമൺ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഒന്നാം പ്രതിയെ
വാഹനം തടഞ്ഞു പിടികൂടുമ്പോഴേക്കും കൂടൽ, കോന്നി പോലീസ് പട്രോൾ സംഘങ്ങൾ സ്ഥലത്ത് എത്തിയിരുന്നു.
വെളുപ്പിന് 4.10 ന് സ്റ്റേഷനിൽ എത്തിയ പോലീസ് സംഘം, ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ
മധുകർ മഹാജൻ IPS ന്റെ നിർദേശപ്രകാരം കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. എസ് ഐ അനൂപ് ചന്ദ്രനും, സംഘവും മറ്റൊരു പ്രതിയായ ഗോപേഷ് കുമാറിന്റെ പ്രമാടത്തുള്ള വീട്ടിലും പരിസരങ്ങളിലും മറ്റും നടത്തിയ തെരച്ചിലിനെ തുടർന്ന് ചന്ദനപ്പള്ളി ഭാഗത്തുനിന്നും രണ്ടും മൂന്നും പ്രതികളെ
പിടികൂടുകയായിരുന്നു. രണ്ടാം പ്രതി ശ്യാം കുമാറാണ് പിക്ക് അപ്പ് ഓടിച്ചത്. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറും, എസ് ഐയും കൂടാതെ എസ് ഐ അനിൽ കുമാർ, എ എസ് ഐ സന്തോഷ്,എസ് സി പി ഓ സക്കറിയ, സി പി ഓ മാരായ രാജേഷ്, ബിജു, പ്രദീപ്, ശ്രീജിത്ത്, ശരത് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.