യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും;ടൂറിസം വികസന പദ്ധതി നടപ്പാക്കും
പത്തനംതിട്ട ജില്ലയില്‍ നെല്ല് ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഗ്രാമപഞ്ചായത്താണ് പെരിങ്ങര. ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം 11 തവണയാണ് വെള്ളപൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിന്റെ കെടുതികളെയും കൃഷിനാശത്തെയും നേരിടുന്നതിനൊപ്പം കാര്‍ഷിക മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് സംസാരിക്കുന്നു.
പഞ്ചായത്തിലെ കൃഷി, നേരിടുന്ന വെല്ലുവിളി
ജില്ലയില്‍ നെല്‍ക്കൃഷി ഏറ്റവും കൂടുതല്‍ ഉള്ളത് പെരിങ്ങര പഞ്ചായത്തിലാണ്. 950 ഹെക്ടര്‍ കൃഷിഭൂമിയിലായി 27 പാടശേഖരങ്ങള്‍ ഇവിടെയുണ്ട്. നെല്‍ക്കൃഷിക്കാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെങ്കിലും തെങ്ങ്, വാഴ, പച്ചക്കറി കൃഷികളും ഉണ്ട്. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ വെള്ളം പൊങ്ങുന്നത് പെരിങ്ങരയിലാണ്.
വെള്ളപ്പൊക്കം നേരിടാന്‍ ഷെല്‍റ്റര്‍ നിര്‍മിക്കും
കഴിഞ്ഞ വര്‍ഷം 11 വെള്ളപ്പൊക്കങ്ങളാണ് ഉണ്ടായത്. വെള്ളപ്പൊക്കം നേരിടുന്നതിന്റെ ഭാഗമായി നാലു ഫൈബര്‍ ബോട്ടുകള്‍ വാങ്ങാന്‍ പദ്ധതിയുണ്ട്. വെള്ളപ്പൊക്കം ഇല്ലാത്ത സമയത്ത് ഫൈബര്‍ ബോട്ടുകള്‍ ടൂറിസം പദ്ധതിക്കായി ഉപയോഗിക്കാനാണ് തീരുമാനം. മേപ്രാല്‍ കേന്ദ്രമാക്കി വെള്ളപ്പൊക്കത്തെ നേരിടുന്നതിന് ഷെല്‍റ്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭം മൂലമുള്ള കൃഷിനാശമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ടൂറിസം വികസനത്തിന് മുന്‍ഗണന
സര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ച് ടൂറിസത്തിന് ഊന്നല്‍ നല്‍കാവുന്ന ഒരു പ്രദേശം പെരിങ്ങര പഞ്ചായത്തില്‍ ഉണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ സംഗമസ്ഥലമായ വേളൂര്‍ മുണ്ടകം കൂമ്പുംമൂട്. ഇപ്പോള്‍ തന്നെ ധാരാളം ആളുകള്‍ വേളൂര്‍ മുണ്ടകം കൂമ്പുംമൂട് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ബോട്ടിംഗിന് പറ്റിയ സ്ഥലം ആയതിനാല്‍ ഇവിടം കേന്ദ്രമാക്കിയുള്ള ടൂറിസം വികസനം പ്രധാന ലക്ഷ്യമാണ്.
കുളിക്കടവുകള്‍ പുനരുജ്ജീവിപ്പിക്കും
വെള്ളം കൂടുതല്‍ ഉള്ള പഞ്ചായത്താണെങ്കിലും ശുദ്ധജലം ലഭിക്കുന്നില്ല. മുന്‍പ് പല പദ്ധതികളുടെയും ഭാഗമായി കിണറുകള്‍ കുഴിച്ചെങ്കിലും ചേറ് കലര്‍ന്ന വെള്ളമാണ് ഉള്ളത്. അതിനാല്‍, വാട്ടര്‍ അതോറിറ്റിയെയാണ് ശുദ്ധജലത്തിനായി ആശ്രയിക്കുന്നത്. പടിഞ്ഞാറന്‍ മേഖലകളില്‍ ശുദ്ധജല ദൗര്‍ലഭ്യം കൂടുതലാണ്. കുളിക്കടവുകള്‍ ശുദ്ധജല ലഭ്യതയ്ക്ക് വേണ്ടി പുനരുജ്ജീവിപ്പിക്കാന്‍ പഞ്ചായത്തിന് പദ്ധതി ഉണ്ട്. ജലജീവന്‍ മിഷനില്‍ കുടിവെള്ള പദ്ധതിക്കായി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്.
മാലിന്യ സംസ്‌കരണം മുഖ്യ പരിഗണന
മാലിന്യ സംസ്‌കരണത്തിന് മുഖ്യപരിഗണനയാണ് പഞ്ചായത്ത് നല്‍കുന്നത്. ക്ലീന്‍ കേരള കമ്പനി കൃത്യമായി മാലിന്യ ശേഖരണം നടത്തുന്നുണ്ട്. പഞ്ചായത്തില്‍ 30 മിനി എംസിഎഫ്(അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്ന സംവിധാനം) ഉണ്ട്. പതിനഞ്ച് വാര്‍ഡുകളിലായി 33 പേരടങ്ങിയ ഹരിത കര്‍മ്മസേന മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം മാലിന്യ സംസ്‌കരണം നല്ല രീതിയില്‍ നടന്നെന്നാണ് വിലയിരുത്തുന്നത്.
ഭാവി പദ്ധതികള്‍
കൊയ്ത്തു യന്ത്രങ്ങളും ട്രാക്ടറുകളും കിലോമീറ്ററുകള്‍ ഓടിയാണ് ഇപ്പോള്‍ പാടത്തേക്ക് ഇറങ്ങുന്നത്. ട്രാക്ടറുകള്‍ ഇറക്കുന്നതിന് റാംപ് നിര്‍മിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. നെല്‍ക്കൃഷിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് പേര്‍ വീതം അടങ്ങിയ 75 പേരുടെ കാര്‍ഷിക കര്‍മ്മസേന രൂപീകരിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പി.എം.എം.എസ്.വൈ) 2021-22 പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യറിയറിംഗ്യൂണിറ്റ്, ബയോഫ്ളോക് (വനാമി) 160 ക്യുബിക്മീറ്റര്‍, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍സിസ്റ്റം (ആര്‍.എ.എസ്.) 100 ക്യുബിക്മീറ്റര്‍ എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 60 ശതമാനം സബ്സിഡി ലഭിക്കും. അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍: 0468-2223134, 0468-2967720, 8137037835.
അക്ഷയ സംരംഭക തെരഞ്ഞെടുപ്പ്: ഇന്റര്‍വ്യൂ
പത്തനംതിട്ട ജില്ലയിലെ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുളള ഇന്റര്‍വ്യൂ ഈ മാസം (ഫെബ്രുവരി) 24, 25, 26 തീയതികളില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. ഓരോ ലൊക്കേഷനിലേക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയ ആദ്യ 10 പേരെ വീതമാണ് ഇന്റര്‍വ്യൂവിന് പരിഗണിക്കുക. അപേക്ഷകര്‍ക്കുളള ഹാള്‍ടിക്കറ്റുകള്‍ അയച്ചു തുടങ്ങി. ഈ മാസം(ഫെബ്രുവരി) 20 വരെ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍.04682322706, 04682322708.
ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ഭാഗമായ സര്‍ജ് ഷാഫ്ടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 15 വരെ വീണ്ടും പൂര്‍ണമായി അടച്ചിട്ട് വൈദ്യുതോത്പാദനം നിര്‍ത്തി വച്ചതിനാല്‍ ജല നിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഓറഞ്ചു ബുക്കിലെ നിര്‍ദേശം അനുസരിച്ചു രാത്രികാലങ്ങളിലും തുറക്കാവുന്ന ഡാമുകളുടെ പരിധിയില്‍ വരുന്നതാണ് മൂഴിയാര്‍ ഡാം.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 15 സെ.മീ. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
ടണലിലെ പ്രവേശന വാതില്‍ അടയ്ക്കുന്നത് മൂലം ടണലിലെ ജലം പവര്‍ ഹൗസ് വഴി ഒഴുക്കി കളയുന്നതിനാല്‍ അനുബന്ധ ഡാമായ വേലുത്തോട് ഡാമില്‍ എത്തുന്ന ജലം വേലുത്തോട് അരുവിയില്‍ കൂടി ഒഴുകുന്നതിനും പരമാവധി 10 സെന്റി മീറ്റര്‍ വരെ അരുവിയിലെ ജലനിരപ്പ് ഉയരുന്നതിനും സാധ്യതയുണ്ട്.
മന്ദിരം പാറയ്ക്കല്‍ കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി പഞ്ചായത്തിലെ മന്ദിരം പാറയ്ക്കല്‍ കോളനിയുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികള്‍, വീടുകളുടെ പുനരുദ്ധാരണം, നടപ്പാതകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവ ഉള്‍പ്പെടെ വിഭാവനം ചെയ്തിട്ടുണ്ട്.
പാറയ്ക്കല്‍ കോളനി – ജലനിധി ടാങ്ക് റോഡ് 25.45 ലക്ഷം രൂപ, കോളനിയിലെ പൊതുകിണറിന്റെ പുനരുദ്ധാരണം 2.33 ലക്ഷം രൂപ, വിവിധ വീടുകളിലേക്കുള്ള നടപ്പാത കളുടെ പുനരുദ്ധാരണം 7.31, ലക്ഷം രൂപ, വീടുകളുടെ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം 8.47 ലക്ഷം രൂപ, പൊതു കിണറിന് സമീപത്തെ വലിയ തോട്ടില്‍ കലുങ്ക് 7.8 ലക്ഷം രൂപ, കാര്യാട്ട് കുഴി പാറക്കല്‍ കോളനി കുടിവെള്ള വിതരണ പദ്ധതി 5.06 ലക്ഷം രൂപ എന്നിവ കൂടാതെ ഒരു കോടിയില്‍ ബാക്കി തുക കോളനിയിലെ 23 വീടുകളുടെ പുനരുദ്ധാരണത്തിനായും ചിലവഴിക്കും. പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിന് കോളനി കേന്ദ്രീകരിച്ച് ഉടന്‍ യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു.
അടൂര്‍ ജനറല്‍ ആശുപത്രിക്ക് കിഫ്ബിയില്‍ 14.54 കോടി രൂപ അനുവദിച്ചു
അടൂര്‍ ജനറല്‍ ആശുപത്രിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ആധുനിക ഒപി ബ്ലോക്ക് നിര്‍മിക്കുന്നതിന് 14.54 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. എംസി റോഡിന്റെയും കെപി റോഡിന്റെയും മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ധാരാളം രോഗികളാണ് ചികിത്സയ്ക്കായി എത്തിചേരുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആശുപത്രിയുടെ അവസ്ഥയ്ക്ക് പരിഹാരമാകുന്നതാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം. കെ.എച്ച്.ആര്‍.ഡബ്ല്യൂവിന്റെ പഴയ പേവാര്‍ഡ് നില്‍ക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
മൂന്ന് നിലയുളള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോര്‍ പൂര്‍ണമായും പാര്‍ക്കിംഗ് ഏരിയയായിരിക്കും. മറ്റു നിലകളില്‍ ലാബ്, എക്സ്‌റേ യൂണിറ്റ്, അള്‍ട്രാ സൗണ്ട് സ്‌കാന്‍ യൂണിറ്റ്, ഇസിജി, ദന്തല്‍ ഒപി, പിപി യൂണിറ്റ്, ഫിസിയോതെറാപ്പി, കുട്ടികളുടെ ഒപി, നിരീക്ഷണവാര്‍ഡ്, കൗമാര ക്ലിനിക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സജ്ജീകരിക്കുന്നത്. വിശദമായ പ്രൊജക്ട് തയാറാക്കി കഴിഞ്ഞതായി ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എസ്.സി.എ.ടു എസ്.സി.എസ്.പി ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡിയോടു കൂടി നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരം 600 രൂപയ്ക്ക് 10 താറാവുകളെ നല്‍കും. ആടുവളര്‍ത്തല്‍ പദ്ധതിയില്‍ രണ്ട് പെണ്ണാടുകളുടെ യൂണിറ്റിന് 10,000 രൂപ വരെ സബ്സിഡി നല്‍കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 25 വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിനും, വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2270908.
ടെന്‍ഡര്‍
ജി.എച്ച്.എസ്.എസ് മാങ്കോടിലേക്ക് സയന്‍സ് ലബോറട്ടറി ഉപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ. ഫോണ്‍ : 9495829925.
ഒആര്‍സി സ്മാര്‍ട്ട് 40: ജില്ലാതല ത്രിദിന ക്യാമ്പിന് തുടക്കമായി
വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലുള്ള ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) നടത്തുന്ന സ്മാര്‍ട്ട് 40 ക്യാമ്പ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിത നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായുളള സ്മാര്‍ട്ട് 40 ക്യാമ്പ് ഫെബ്രുവരി 17 മുതല്‍ 19 വരെയാണ് നടത്തുന്നത്.
കുട്ടികള്‍ നേരിടുന്ന സാമൂഹിക – മാനസിക – പഠന – വൈകാരിക വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടെത്തി അവരെ സ്മാര്‍ട്ട് ആക്കാന്‍ ഈ ക്യാമ്പിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതാ ദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഷറഫ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സുകുമാരന്‍, ഒആര്‍സി പ്രോജക്ട് അസിസ്റ്റന്റ് അഷിത ജെ നായര്‍, ഒആര്‍സി നോഡല്‍ ടീച്ചര്‍ സന്തോഷ് റാണി എന്നിവര്‍ സംസാരിച്ചു. പരിശീലനം നയിക്കുന്നത് ഒആര്‍സി പരിശീലകരായ വിനോദ് മുളമ്പുഴ, ലിബിന്‍ കുഞ്ഞുമോന്‍, ഉമാദേവി, ഡോ. ഉദയചന്ദ്രന്‍ തമ്പി എന്നിവരാണ്.
ഗ്രാമസഭ
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് ഫെബ്രുവരി 18ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരുന്ന ഗ്രാമസഭ യോഗത്തില്‍ എല്ലാ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മീറ്റിംഗ് ലിങ്ക് : meet.google.com/wfr-wcwq-meg.
ആറന്മുളയുടെ ടൂറിസം വളര്‍ച്ചയ്ക്കായി പൈതൃകം വിളിച്ചോതുന്ന ബ്രോഷര്‍
ആറന്മുളയുടെ പൈതൃകവും സാംസ്‌കാരിക തനിമയും കോര്‍ത്തിണക്കി ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന ബ്രോഷര്‍ ആറന്മുള വികസന സമിതി പുറത്തിറക്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാറിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു.
ആറന്മുള എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ആറന്മുള കണ്ണാടിയും ജലോത്സവവുമാണ്. പാര്‍ത്ഥസാരഥി ക്ഷേത്രം മുതല്‍ കേരളത്തിലെ തനത് കലയായ മോഹിനിയാട്ടം വരെ കാണാനും പഠിക്കുവാനുള്ള അക്കാദമികളുടെ വിവരങ്ങളും ബ്രോഷറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിവിധ ടൂര്‍ പാക്കേജുകളും തയാറാക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയ കവയത്രിയായ സുഗതകുമാരി ടീച്ചറിന്റെ തറവാടായ വാഴുവേലില്‍ വീടും ആകര്‍ഷണമാണ്.
ജല ടൂറിസത്തിന് വളരെയേറെ പ്രാധാന്യം ഉള്ള മേഖലയാണ് ആറന്മുള. പുതിയ തലമുറയ്ക്ക് പമ്പാനദിയെ അറിയാനുള്ള അവസരം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ആറന്മുള വികസനസമിതി. ആറന്മുളയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആറന്മുളയെ പൂര്‍ണമായും മനസിലാക്കുന്നതിന് അവസരമൊരുക്കുക, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ആറന്മുള വികസന സമിതി പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, വികസന സമിതി ഭാരവാഹികളായ സന്തോഷ് കുമാര്‍, ഗിരീഷ് കുമാര്‍, തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു