തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്പന്ദനം മനസിലാക്കി പ്രവര്‍ത്തിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

 

ജനങ്ങളുടെ സ്പന്ദനം മനസിലാക്കി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ബല്‍വന്ത്റായി മേത്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിലെ  ജില്ലാതല സെമിനാര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

പഞ്ചായത്ത് രാജ് ആക്ട് നടപ്പാക്കി പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികള്‍ക്ക് കൂടി അധികാരം വിഭജിച്ച് നല്‍കിയപ്പോഴാണ് നാടിന്റെ സമഗ്രവികസനം സാധ്യമായത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. ഈ അധികാരം ജനങ്ങള്‍ക്ക് ഗുണപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്നും അധികാരം സമൂഹത്തിന്റെ നേട്ടത്തിന് വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലയിലും വികസനത്തിന്റെ വിപ്ലവമാണ് ജനകീയാസൂത്രണത്തിലൂടെ സാധ്യമായത്. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷവും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നത്.  കേരളം വലിയ മാറ്റത്തിന്റെ പാതയിലേക്ക് പോകുകയാണ്.

 

 

കാര്‍ഷികമേഖല സ്വയംപര്യാപ്തമാകാനുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടന്നു വരികയാണെന്നും പാല്‍, മുട്ട, ഇറച്ചി ഉത്പാദനത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ജില്ലാ ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത്ത്കുമാര്‍ ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തിലും, ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍മാന്‍ എം.കെ. വാസു നവകേരളം കര്‍മ്മപരിപാടി എന്ന വിഷയത്തിലും, കില ഹെല്‍പ്പ് ഡെസ്‌ക് കണ്‍സള്‍ട്ടന്റ് സി.പി. സുനില്‍ സംയോജിത തദ്ദേശ സ്വയംഭരണ സര്‍വീസ് എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു.

 

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് പി.എസ്. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സെക്രട്ടറി കെ.കെ. ശ്രീധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *