സ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായി

 

47 ലക്ഷം വിദ്യാർഥികൾ ഒരുമിച്ച്‌ തിങ്കളാഴ്‌ച സ്‌കൂളിലെത്തി വൈകിട്ടുവരെ ക്ലാസിലിരിക്കും. സ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനമെങ്ങും ആദ്യഘട്ട ശുചീകരണം പൂർത്തിയായി. പതിവായി അണുനശീകരണം നടത്തും. പ്രീപ്രൈമറിമുതൽ എട്ടാം ക്ലാസുവരെയുള്ളവർക്ക്‌ ഉച്ചഭക്ഷണം നൽകും. മാർഗരേഖ പ്രകാരം കോവിഡ് മാനദണ്ഡം പാലിച്ചാകും സ്കൂൾ നടത്തിപ്പെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു; ഇത് മികവിന്റെ ‘വിദ്യാകിരണം’

വിദ്യാകിരണമായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാകിരണം മിഷന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍ പറഞ്ഞു.

2016ല്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ മിഷനുകളില്‍ ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചത്. മിഷന്റെ ഭാഗമായി 9,34,000 കുട്ടികളുടെ വര്‍ധനയാണ് പൊതുവിദ്യാലയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ രണ്ടാംഘട്ടം ‘വിദ്യാകിരണം’ എന്ന പേരില്‍ തുടര്‍ന്നു. ഫെബ്രുവരി 11ന് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി, നവീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഒന്‍പതാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. എറണാകുളം ജില്ലയില്‍ ആറ് സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നത്.

ആയിരം കുട്ടികളുള്ള എല്ലാ വിദ്യാലയങ്ങളും പുതുക്കിപ്പണിയാനായി ഓരോ സ്‌കൂളിനും അഞ്ച് കോടി രൂപയുടെ ഫണ്ട് അനുവദിച്ചുകൊണ്ടാണ് വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതുപ്രകാരം എല്ലാ നിയോജക മണ്ഡലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു മണ്ഡലത്തില്‍തന്നെ ആയിരം കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ മൂന്നു കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ ഒരു കോടി രൂപയുടെ ഫണ്ട് പ്രത്യേകം അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ഈ വികസന പ്രവര്‍ത്തനങ്ങളെല്ലാം സാധ്യമാക്കുന്നത്.

അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായി വിദ്യാകിരണം മിഷന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി ഹലോ ഇംഗ്ലീഷ്, ഗണിതം ലളിതമാക്കാന്‍ ഗണിത വിജയം, ഹിന്ദി എളുപ്പമാക്കാന്‍ സുവേരി ഹിന്ദി, വായനാശീലം വര്‍ധിപ്പിക്കാന്‍ വായനാ ചങ്ങാത്തം തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ ഇതിന്റെ ഭാഗമായി സ്‌കൂള്‍തലത്തില്‍ നടത്തിവരുന്നു.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ് നല്‍കി വരുന്നുണ്ട്. ഇതുവരെ 70,000 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്കു മൂന്നു ലക്ഷം രൂപ ചെലവഴിച്ച് എല്ലാ സൗകര്യങ്ങളും അടങ്ങിയ പഠനമുറി നിര്‍മിച്ച് നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ നടത്തിവരുന്നു. അതിഥി തൊഴിലാളികളുടെ മക്കള്‍ക്കായി പ്രത്യേക ഭാഷാ പരിശീലനം നല്‍കി അവരെയും പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ മിഷന്‍ ശ്രദ്ധ ചെലുത്തുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്ക്കരണം നേടിയ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്ന നമ്മുടെ സംസ്ഥാനം, വര്‍ഷങ്ങളായി വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാമതാണ്. അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യവും ഉയരുന്നതോടെ ഇനിയും ഒരുപാട് വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയങ്ങളിലേക്കെത്തുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നവകേരളം പദ്ധതി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *