അയിരൂരിന്റെ ജനകീയ ആംബുലന്‍സ്

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അയിരൂര്‍ ഗ്രാമ പഞ്ചായത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന്റെ ദൗര്‍ലഭ്യം. ഇതോടെയാണ് സ്വന്തമായൊരു ആംബുലന്‍സ് പഞ്ചായത്തിന് വേണമെന്ന ആവശ്യം ഉയര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് എന്ന ആവശ്യത്തിനായി പഞ്ചായത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നു. തുടര്‍ന്ന് ആംബുലന്‍സ് വാങ്ങി നല്‍കാന്‍ കഴിയുന്നവര്‍ക്കായി അന്വേഷണം തുടങ്ങി.
പഞ്ചായത്തിന്റെ ആവശ്യകത അറിഞ്ഞെത്തിയ സിറ്റിസണ്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന മുഖേന 15.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ആംബുലന്‍സ് പഞ്ചായത്തിന് ലഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആംബുലന്‍സ് സേവനം സൗജന്യമായാണ് പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിന്ന് ചെറിയ തുക ഈടാക്കുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അയിരൂര്‍ പഞ്ചായത്തിന്റെ ജനകീയ പങ്കാളിത്തത്തോടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ആംബുലന്‍സിന്റെ സേവനം.

പദ്ധതി നിര്‍വഹണത്തില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം;
പൊതുശ്മശാനം വരും, ജൈവ വൈവിധ്യ പാര്‍ക്കിന് നടപടി

പദ്ധതി നിര്‍വഹണത്തില്‍ പത്തനംതിട്ട ജില്ലയില്‍ അയിരൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനത്ത്. പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് സംസാരിക്കുന്നു.

കുടിവെള്ളം
ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 95 ശതമാനം വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. പദ്ധതിയുടെ രണ്ടാംഘട്ടം പഞ്ചായത്ത് പൂര്‍ത്തീകരിച്ച് കഴിഞ്ഞു. മൂന്നാംഘട്ടത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പുകള്‍ നടത്തി വരുകയാണ്. പട്ടികജാതി കോളനികളിലും കുടിവെള്ളം എത്തിച്ചു. പഞ്ചായത്തിന് ഐസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുകയാണ്.

തെരുവ് വിളക്കുകള്‍, സ്മാര്‍ട്ട് സ്‌കൂളുകള്‍
പഞ്ചായത്തിലെ തെരുവു വിളക്കുകളുടെ പരിപാലനം ഏറ്റവും മികച്ച രീതിയിലാണ് നടത്തുന്നത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകള്‍ക്ക് മീറ്റര്‍ റീഡിംഗ് ഏര്‍പ്പെടുത്തി. പഞ്ചായത്തിലെ സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകളാക്കി.

ജൈവവൈവിധ്യ പാര്‍ക്ക്
ജൈവവൈവിധ്യ ഉദ്യാനം എക്കാലത്തേയും വലിയ സ്വപ്നമാണ്. അതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുകയാണ്.  ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ പമ്പാനദിയുടെ തീരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു.

മാലിന്യ സംസ്‌കരണം
ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പ്രധാനപദ്ധതി തയാറാക്കി. മാലിന്യ സംസ്‌കരണത്തിനായി എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫ് സ്ഥാപിച്ചു കഴിഞ്ഞു.

സ്റ്റേഡിയം വികസനം
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കായികവകുപ്പില്‍നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം വികസനത്തിനായുള്ള നടപടി പുരോഗമിക്കുന്നു.

സോളാര്‍ സംവിധാനം
പഞ്ചായത്തില്‍ സോളാര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരുന്നു.
എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പഞ്ചായത്ത് അങ്കണത്തില്‍ കെട്ടിടനിര്‍മാണം നടത്തി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതിനൊന്ന് അംഗങ്ങളടങ്ങുന്ന തയ്യല്‍ യൂണിറ്റ് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതുശ്മശാനം
ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യവും പരാതിയുമായിരുന്നു പഞ്ചായത്തിന് പൊതുശ്മശാനം വേണമെന്നുള്ളത്. അതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും.

അയിരൂര്‍ കഥകളി ഗ്രാമം
കഥകളി ഗ്രാമമെന്ന പെരുമ സ്വന്തമായ ഇടമാണ് അയിരൂര്‍ ഗ്രാമപഞ്ചായത്ത്. കഥകളി കലാകാരന്മാര്‍ക്ക് ഒരുപാട് സഹായങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നുണ്ട്. അയിരൂരില്‍ പ്രവര്‍ത്തിക്കുന്ന കഥകളി ക്ലബിന് പഞ്ചായത്ത് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും 15,000 രൂപയാണ് നല്‍കുന്നത്.

കഥകളി മ്യൂസിയം
അയിരൂര്‍ കഥകളി ഗ്രാമത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്് കഥകളി മ്യൂസിയം സ്ഥാപിക്കും. തദ്ദേശ സ്ഥാപനത്തില്‍ ഒരു ഡെസ്റ്റിനേഷന്‍ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലാണ് അയിരൂര്‍ കഥകളി ഗ്രാമത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ചെറുകോല്‍പ്പുഴ പാലം ജംഗ്ഷനിലുളള ക്ലബ്ബ് വക സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുക. ഇതിന്റെ പ്രൊപ്പോസല്‍ പഞ്ചായത്തില്‍ നിന്ന് നല്‍കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *