ഡിജിറ്റല്‍ സര്‍വേ റവന്യൂ വകുപ്പിന്റെ മുഖമുദ്ര: ജില്ലാ കളക്ടര്‍

 

റവന്യൂ വകുപ്പിന്റെ മുഖമുദ്രയാണ് ഡിജിറ്റല്‍ സര്‍വേയെന്ന് ജില്ല കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഡിജിറ്റല്‍ സര്‍വേയ്ക്കായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 വില്ലേജുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഡിജിറ്റല്‍ സര്‍വേ നടത്തുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കുമെന്നും ആവശ്യമെങ്കില്‍ ഡിജിറ്റല്‍ സര്‍വേയുടെ ഗുണങ്ങളെപ്പറ്റി വാതില്‍ പടി ബോധവത്ക്കരണം നല്‍കാവുന്നതാണെന്നും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഫെബ്രുവരി മാസം കൊണ്ടു തന്നെ ഡിജിറ്റല്‍ സര്‍വേ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ചിലയിടങ്ങളില്‍ സാങ്കേതികമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും റീസര്‍വേയില്‍ വന്ന പിഴവുകള്‍ തിരുത്തി വരുകയാണെന്നും വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തെ അറിയിച്ചു.

ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചിരുന്നു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തിയത്. ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭൂമി സംബന്ധമായ രേഖകള്‍ക്ക് കൃത്യതയും സുതാര്യതയും ഉണ്ടാകുമെന്നതാണ് ഡ്രോണ്‍ സര്‍വേയുടെ പ്രധാന ഗുണം. റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റീലിസ്), പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലാന്‍ഡ്, ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വയേഴ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാകും. ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വേഗം കിട്ടുന്നതിനും അപേക്ഷ വേഗം തീര്‍പ്പാക്കാനും ഡ്രോണ്‍ സര്‍വേ സഹായിക്കും. എല്‍.ആര്‍ ഡെപ്യുട്ടി കളക്ടറുടെ ചുമതല വഹിക്കുന്ന ആര്‍. രാജലക്ഷമി, എല്‍ആര്‍ തഹസീല്‍ദാര്‍മാര്‍, വിവിധ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *