യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം. റഷ്യൻ സൈനിക വാഹനങ്ങൾ കീവ് മേഖലയിലേക്ക് അതിക്രമിച്ചു കയറി. റഷ്യൻ പോർവിമാനങ്ങൾ യുക്രൈൻ തലസ്ഥാനത്തിന് മുകളിലൂടെ പറന്നുവെന്നാണ് റിപ്പോർട്ട്.
റഷ്യ – യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുക്രൈനിനെ കൈവിട്ട് നാറ്റോ. നാറ്റോയിൽ അംഗമല്ലാത്ത യുക്രൈനിന് വേണ്ടി സംയുക്ത സൈനികനീക്കം നടത്തില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു സംയുക്ത സൈനിക നീക്കം ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
ഇപ്പോൾ കോവിഡ് മഹാമാരിയിൽ നിന്ന് കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ നിലവിൽ സൈനിക നീക്കം നടത്തില്ലെന്നാണ് തീരുമാനിച്ചത്. അതേസമയം റഷ്യ യുക്രൈനിനെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പറഞ്ഞ രാജ്യങ്ങൾ ഒന്നും തന്നെ നിലവിൽ സൈനിക സഹായവുമായി രംഗത്ത് എത്തിയിട്ടില്ല. ഇത് യുക്രൈനിന്റെ അവസ്ഥ കൂടുതൽ രൂക്ഷമാക്കുകയാണ്.
യോഗത്തിന് ശേഷം നാറ്റോ പ്രസ്താവന പുറത്തിറക്കിയിരുന്നു. റഷ്യ യുക്രൈനിന് മേൽ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് നാറ്റോ പ്രസ്താവനയിൽ പറയുന്നു. കൂടാതെ റഷ്യ സഹായിക്കുന്ന ബെലാറസിന്റെ നീക്കവും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ ഇപ്പോൾ നടത്തുന്നത് യുഎൻ ചാർട്ടർ അടക്കമുള്ള അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.