ക്വാറികളുടെയും ക്രഷറുകളുടെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കുമറിയാം

 

സംസ്ഥാനത്തെ ക്വാറികള്‍, ക്രഷറുകള്‍, ധാതുസംഭരണത്തിനുള്ള ഡിപ്പോകള്‍ എന്നിവയുടേതുള്‍പ്പെടെ സകല വിവരങ്ങളും പൊതുജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തില്‍ ഡാഷ്‌ബോര്‍ഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാഷ്‌ബോര്‍ഡില്‍ ക്വാറി, ക്രഷര്‍ എന്നിവയുടെ സ്ഥാനം, ഉടമസ്ഥ വിവരങ്ങള്‍ എന്നിവ ഉപഗ്രഹ/ ഭൂപടത്തില്‍ അടയാളപ്പെടുത്തി കാണാനാവും.

ജില്ല തിരിച്ചുള്ള ഖനനാനുമതികളുടെ എണ്ണവും ലഭ്യമാണ്. ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ള കാലയളവ്, ഒരു സ്ഥലത്തുനിന്ന് നീക്കം ചെയ്യാവുന്ന പരമാവധി ധാതുവിന്റെ അളവ്, ഇ പാസ് നല്‍കിയതിന്റെ വിശദാംശങ്ങള്‍ എന്നിവയും ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസ് എന്ന വകുപ്പിന്റെ ഇ ഗവേണന്‍സ് സംവിധാനത്തില്‍നിന്നുള്ള വിവരങ്ങളാണ് ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ക്വാറികളുടെ ഡിജിറ്റല്‍ സര്‍വേ നടത്താന്‍ ഖനന ഭൂവിജ്ഞാന വകുപ്പ് ആലോചിക്കുന്നുണ്ട്.

ഡ്രോണ്‍ ലിഡാര്‍ സര്‍വേ സംവിധാനം, ജിഐഎസ് എന്നിവയുടെ സാധ്യതകള്‍ മനസിലാക്കി വകുപ്പിന്റെ ഇ ഗവേണന്‍സ് സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണനയിലാണ്. ഇതിനായി കെല്‍ട്രോണ്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിന്റെ എല്ലാ ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 593 ക്വാറികള്‍/ മൈനുകള്‍, 642 ക്രഷറുകള്‍, 1217 ധാതു ഡിപ്പോകള്‍ എന്നിവയാണുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *