കുടിവെള്ള ക്ഷാമം നേരിടുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പ് പൊട്ടല്‍ മൂലമുള്ള പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം.
കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഡിവിഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കം നടത്തണം. വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ ഉത്തരവ് വേഗമാക്കുന്നതിന് ഇടപെടാമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗബാധയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായി. ഇനിയും ജാഗ്രത തൂടരേണ്ടതുണ്ട്. സ്‌കൂളുകള്‍ തുറക്കുകയും പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
മഞ്ഞനിക്കര-ഇലവുംതിട്ട-മുളക്കുഴ റോഡിലെ കലുങ്ക് നിര്‍മാണം വേഗമാക്കണം. ഈ റോഡിന്റെ നിര്‍മാണം വേഗം പൂര്‍ത്തീകരിക്കണം. പത്തനംതിട്ട ജുഡീഷ്യല്‍ കോംപ്ലക്സ്, കോഴഞ്ചേരി പാലം അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആറന്മുള മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം കളക്ടര്‍ വിളിക്കണം. പോളച്ചിറ ടൂറിസം പദ്ധതി, വലഞ്ചുഴി ടൂറിസം പദ്ധതി എന്നിവ വേഗം നടപ്പാക്കണം. ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ യോഗം വിളിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കോമളം പാലത്തിന് പകരം അടിയന്തിരമായി താല്‍ക്കാലിക പാലവും എത്രയും വേഗം പുതിയ പാലവും നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കീച്ചേരിവാല്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം ആരംഭിക്കണം. തിരുവല്ലയില്‍ നിന്നും ഹരിപ്പാടിനുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിക്കണം. തിരുവല്ല – റാന്നി റൂട്ടില്‍ ആവശ്യമായ സര്‍വീസ് കെഎസ്ആര്‍ടിസി നടത്തണം. തിരുവല്ല ബൈപ്പാസിലെ മല്ലപ്പള്ളി റോഡ് ജംഗ്ഷനിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം.
നിരണം വെസ്റ്റിലെ കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. തിരുവല്ല ഗവ ആശുപത്രിയിലെ ഒപി ബ്ലോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസൈന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. കറ്റോട്-തിരുമൂലപുരം, മനയ്ക്കച്ചിറ- കുറ്റൂര്‍ റെയില്‍വേ അടിപ്പാതകളിലെ പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച യോഗം ഉടന്‍ ചേരണം. തോട്ടഭാഗം ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്തു വിഭാഗം, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തണമെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ തിരുവല്ല താലൂക്കില്‍ 48 ഉം മല്ലപ്പള്ളി താലൂക്കില്‍ എട്ടും പട്ടയങ്ങള്‍ വിതരണത്തിന് തയാറായിട്ടുണ്ടെന്ന് എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ എംഎല്‍എയെ അറിയിച്ചു.
യുക്രൈന്‍ സംഘര്‍ഷത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ മടക്കി കൊണ്ടുവരണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഈ പ്രശ്നത്തില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ഉദ്യോഗസ്ഥനെ നിയോഗിക്കണം. കാട്ടുപന്നി ഉള്‍പ്പെടെ വന്യജീവി ശല്യം കൂടുതലുള്ള എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിള്‍ ഉള്‍പ്പെടുത്തണം. ഇതുസംബന്ധിച്ച വിവരം തയാറാക്കി വനം മന്ത്രിക്ക് നല്‍കണം.
റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണം. റാന്നി, കോന്നി മേഖലകളിലെ കുടിവെള്ള പദ്ധതികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റാന്നി, കോന്നി എംഎല്‍എമാര്‍ പ്രത്യേക യോഗം വിളിക്കും. കുരുമ്പന്‍മൂഴിയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ യോഗം വിളിക്കണം. വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണമായതിനാല്‍, തോടുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും തടസങ്ങള്‍ നീക്കുകയും ചെയ്യണം. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൗണ്‍സലിംഗും മറ്റ് ഇടപെടലുകളും നടത്തണം. റാന്നി മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കണം. അത്തിക്കയം, വെച്ചൂച്ചിറ, പമ്പാവാലി എന്നീ പ്രദേശങ്ങളില്‍ യാത്രാ ക്ലേശം രൂക്ഷമാണ്. റാന്നി- തിരുവല്ല റൂട്ടില്‍ ആവശ്യത്തിന് സര്‍വീസ് ഉറപ്പുവരുത്തണം. ക്വാറി നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള നടപടികളെ പിന്തുണയ്ക്കും. റാന്നി പുതിയ പാലം അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ്, റാന്നി താലൂക്ക് ആശുപത്രി വികസനം, ചെറുകോല്‍-റാന്നി റോഡ് വികസനം എന്നിവയുമായി ബന്ധപ്പെട്ട് യോഗം വിളിക്കും. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് അദാലത്ത് നടത്തുകയും നിരവധി പരാതികള്‍ പരിഹരിക്കുന്നതിനും പരിശ്രമിച്ച ജില്ലാ കളക്ടറെ അഭിനന്ദിക്കുന്നതായും എംഎല്‍എ പറഞ്ഞു.
ജില്ലയില്‍ പന്നി ശല്യമുള്ള എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വന്യ ജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വനാതിര്‍ത്തി എത്ര, ഫലപ്രദമായ ഫെന്‍സിംഗ് ഉള്ള സ്ഥലം, ആന ശല്യം നേരിടുന്നതിന് കിടങ്ങ് ഉള്ള സ്ഥലം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം. ജില്ലയിലെ ലിഫ്ട് ഇറിഗേഷന്‍ സ്‌കീമുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം. പത്തനംതിട്ട കോടതി സമുച്ചയം നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗം പൂര്‍ത്തിയാക്കി കെട്ടിട നിര്‍മാണം ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
റീബില്‍ഡ് കേരള പദ്ധതിയില്‍ കോന്നി നിയോജകമണ്ഡലത്തിലെ പുളിഞ്ചാണി-രാധപ്പടി ഉള്‍പ്പെടെ റോഡ് നിര്‍മാണങ്ങള്‍ ആരംഭിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി വിഷ്ണു മോഹന്‍ പറഞ്ഞു. നിലയ്ക്കല്‍ കുടിവെള്ള പദ്ധതി നിര്‍മാണം വേഗമാക്കണം. വള്ളിക്കോട്, പ്രമാടം പഞ്ചായത്തുകളില്‍ കനാല്‍ ജലം ലഭ്യമാക്കണം. കൈപ്പട്ടൂര്‍ മുകളവിള ഭാഗം, പ്രമാടം, കോന്നി, ഏനാദിമംഗലം, തണ്ണിത്തോട്, മലയാലപ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണം. ഇളമണ്ണൂര്‍ – പാടം റോഡ് നിര്‍മാണം വേഗമാക്കണമെന്നും എംഎല്‍എയുടെ പ്രതിനിധി പറഞ്ഞു.
യുക്രൈയിനില്‍ നിന്നും മലയാളി വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. കാട്ടുപന്നി ശല്യം നേരിടുന്നതിന്റെ ഭാഗമായി ഹോട്ട്സ്പോട്ട് ആയി വിജ്ഞാപനം ചെയ്തതില്‍ വിട്ടുപോയിട്ടുള്ള അര്‍ഹമായ എല്ലാ വില്ലേജുകളെയും ഉള്‍പ്പെടുത്തണം. ലഹരിവസ്തുക്കള്‍ക്കെതിരേ ജില്ലയിലെ സ്‌കൂളുകളില്‍ എക്സൈസ് വകുപ്പ് വ്യാപക പ്രചാരണം നടത്തണം. എഴുമറ്റൂര്‍, കൊറ്റനാട്, അങ്ങാടി കുടിവെള്ള പദ്ധതികള്‍ക്കുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം.
ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യണം. അഴിയിടത്തുചിറ – മേപ്രാല്‍ റോഡ് വികസനം ആവശ്യമായ വീതി ഉറപ്പാക്കി പൂര്‍ത്തിയാക്കണം. ഇവിടെ 10 കലുങ്കുകള്‍ വീതി കൂട്ടി നിര്‍മിക്കണം. ഈ റോഡിലെ അപകടകരമായ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണം. മേപ്രാല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണം. ആശുപത്രികളെ സുരക്ഷിതമേഖലയായി പ്രഖ്യാപിക്കുകയും ജീവനക്കാര്‍ക്കും രോഗികള്‍ക്കും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യണം. തടിയൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ അപകടകരമായ നിലയിലുള്ള പോസ്റ്റ് മാറ്റണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അനുവദിച്ചിട്ടുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതും ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ എലിഫന്റ് സ്‌ക്വാഡ് രൂപീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച് ജില്ലാതലത്തില്‍ യോഗം വിളിക്കും. എഴുമറ്റൂര്‍ പടുതോട് റോഡില്‍ വാഹനങ്ങള്‍ നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചത് ആരാണെന്ന് ആര്‍ടിഒയും പോലീസും പരിശോധിക്കണം. പട്ടയവിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്നങ്ങള്‍ റവന്യുമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജില്ലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നിയമവശം പഠിക്കുന്നതിന് പ്രത്യേക ടീമിനെ ജില്ലയിലേക്ക് നിയോഗിക്കാമെന്ന് റവന്യു മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.