പോളിയോ തുള്ളിമരുന്ന് വിതരണം (27 ഞായർ) ഒരുക്കങ്ങൾ പൂർത്തിയായി

പോളിയോ തുള്ളിമരുന്ന് വിതരണം (27 ഞായർ) ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും

 

പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം (ഫെബ്രുവരി 27 ഞായറാഴ്ച) രാവിലെ 8 ന് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വിവിധ ജില്ലകളിൽ ജില്ലാതല ഉദ്ഘാടനങ്ങളും നടക്കും.

പോളിയോ ബൂത്തുകളിൽ എത്തി എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.

പോളിയോ തുള്ളിമരുന്ന് വിതരണത്തിനുളള ക്രമീകരണങ്ങൾ പൂർത്തിയായി. 24,614 ബൂത്തുകൾ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവർത്തകരേയും അതത് കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികളാണെങ്കിൽ നാലാഴ്ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നൽകിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തന സമയം. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നൽകണം.

കേരളത്തിൽ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാൽത്തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *