പത്തനംതിട്ട കോട്ടപ്പാറ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്

 

പത്തനംതിട്ട നഗരത്തിലെ 15 മുതൽ 21 വരെയുള്ള 7 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടമൺപാറ കുടിവെള്ളപദ്ധതി മാർച്ച് പകുതിയോടെ കമ്മീഷൻ ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. 19-താം വാർഡിൽ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. കുമ്പഴ പമ്പ് ഹൗസിൽ പദ്ധതിക്കായി 90 ഹോഴ്സ് പവർ മോട്ടോർ ആണ് പുതിയതായി സ്ഥാപിക്കുന്നത്.

പ്രഷർ ഫിൽറ്ററിന്റെ പണികൾ പുരോഗമിച്ചു വരികയാണ്. കുമ്പഴ മേഖലയിലെ ഏഴ് വാർഡുകളിലായി ആയിരം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്നേകാൽ കോടി രൂപ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തീകരിക്കുന്നത്. നഗരസഭയിലെ 15 മുതൽ 21 വരെയുള്ള വാർഡുകളിൽ നിലവിൽ മറ്റ് പദ്ധതികളിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. കോട്ടമൺപാറ പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ മറ്റ് വാർഡുകളിൽ കൂടുതൽ ജല ലഭ്യത ഉണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്.

രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന നഗരത്തിൽ നഗരസഭയുടെ ബദൽ ഇടപെടലാണ് ഇത്തരം പദ്ധതികളെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. പദ്ധതിയുടെ അവസാനഘട്ട പ്രവർത്തനങ്ങൾ ചെയർമാൻ വിലയിരുത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആമിന ഹൈദരാലി, ജെറി അലക്സ്, ഇന്ദിരാമണിയമ്മ, അംബിക വേണു, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്,കൗൺസിലർമാരായ വിമലശിവൻ, സുജ അജി, മുനിസിപ്പൽ എഞ്ചിനീയർ സുധീർരാജ്, വാട്ടർ അതോറിറ്റി എ.ഇ സതീദേവി തുടങ്ങിയവർ ചെയർമാനൊപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *