ജനതയെ ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക് എത്താന്‍ മൂലൂര്‍ സഹായിച്ചു: മന്ത്രി പി. പ്രസാദ്

 

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്താന്‍ ജനതയെ മൂലൂര്‍ എസ് പദ്മനാഭ പണിക്കര്‍ സഹായിച്ചെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

സാധാരണക്കാരന്റെ മുഖവും മനസും നിലപാടുകളിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചു. ജനതയുടെ മനസില്‍ ഇന്നും ജീവിക്കുന്ന മഹത് വ്യക്തിത്വമാണ് മൂലൂര്‍ എസ് പദ്മനാഭ പണിക്കര്‍. മൂലൂരിനെ പോലെ സാമൂഹിക, സാഹിത്യ, പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വങ്ങള്‍ കുറവാണ്. ശ്രീനാരായണ ഗുരുവില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ അദ്ദേഹം തന്റെ കവിതകളിലൂടെ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഗുരു നല്‍കിയ എട്ട് രൂപയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് എന്ന് മൂലൂര്‍ പല തവണ പറഞ്ഞിരുന്നു.

 

കവി രാമായണം എഴുതിയപ്പോള്‍ പോലും ആരെയും അവഗണിക്കാതെ മൂലൂര്‍ തന്റെ നിലപാടുകളില്‍ ഉറച്ച് നിന്നുവെന്നും തനിക്കെതിരെ ഉണ്ടാകുന്ന പ്രയോഗങ്ങളെ എങ്ങനെ നേരിടണം എന്ന വ്യക്തമായ ബോധം മൂലൂരിന് ഉണ്ടായിരുന്നു എന്നും മന്ത്രി പറഞ്ഞു.
36-ാം മത് മൂലൂര്‍ അവാര്‍ഡ് ഡി. അനില്‍കുമാറിനും നവാഗത കവികള്‍ക്കായുള്ള എട്ടാമത് മൂലൂര്‍ പുരസ്‌കാരം ജിബിന്‍ ഏബ്രഹാമിനും മന്ത്രി സമ്മാനിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ മൂലൂര്‍ സ്മാരക സമിതി അംഗം അനുതാരയെ അനുമോദിച്ചു.

 

മൂലൂര്‍ സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ് അധ്യക്ഷത വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍, സ്മാരക സമിതി ജനറല്‍ സെക്രട്ടറി വി. വിനോദ്, പി.ഡി. ബൈജു, വിധി നിര്‍ണയ സമിതി അധ്യക്ഷ ഡോ. പി.ടി. അനു, വിധി നിര്‍ണയ സമിതി അംഗം ഡോ. എം എസ്. പോള്‍, സ്മാരക സമിതി ട്രഷറര്‍ കെ.എന്‍. ശിവരാജന്‍, അവാര്‍ഡ് ജേതാക്കളായ ഡി അനില്‍ കുമാര്‍, ജിബിന്‍ ഏബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *