നിരവധി പിടിച്ചുപറി കേസുകളിലെ പ്രതിയെ പിടികൂടി

 

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതിൽ ശശിധരൻ പിള്ള മകൻ സച്ചു എന്ന് വിളിക്കുന്ന സജിത്ത് കുമാറി (36) നെയാണ് രണ്ടുദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ
അടൂർ പോലീസ് സാഹസികമായി കുടുക്കിയത്.

രണ്ടു ദിവസം മുമ്പ് അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി നടത്തിയ ശേഷം, പലയിടങ്ങളിൽ കറങ്ങിനടന്ന മോഷ്ടാവിനെ, വിശ്രമമില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കതിനൊടുവിലാണ് വലയിലാക്കിയത്. ഇതോടെ കഴിഞ്ഞ 6 മാസത്തിനിടയിൽ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണം പിടിച്ചുപറി കവർച്ച കേസുകളിലെ മുഴുവൻ
പ്രതികളെയും പിടികൂടാൻ അടൂർ പോലീസിന് സാധിച്ചു.

 

പന്തളം, കോന്നി, അടൂർ എന്നീ സ്റ്റേഷനുകളിലും, കൊല്ലം, ആലപ്പുഴ ജില്ലകളിഡ വിവിധ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. മോഷ്ടിച്ചു ബൈക്കിൽ
കറങ്ങിനടന്നാണ് ഇയാൾ പിടിച്ചുപറി നടത്തിയിരുന്നത്. ആലപ്പുഴ കൊല്ലം മാവേലിക്കര എന്നിവടങ്ങളിലുള്ള പോലീസ് സ്പെഷ്യൽ സ്‌ക്വാഡുകൾ കാലങ്ങളായി തിരഞ്ഞുകൊണ്ടിരുന്ന അന്തർ ജില്ലാ മോഷ്ടാവാണ് ഇയാൾ.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് ദിവസമായി തുടർച്ചയായി നടത്തിയ തെരച്ചിലിൽ ഓച്ചിറയിൽ നിന്ന് ഇന്ന് (01.03.2022) വെളുപ്പിന്
കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങിയാണ് ഇപ്പോൾ പിടിച്ചുപറി നടത്തിയത്. ഇതുകൂടാതെ വേറൊരു ബൈക്കും ഇയാൾക്കുണ്ട്.

പോലീസിനെ കബളിപ്പിക്കാൻ ബൈക്കിന് വ്യാജ നമ്പർ പിടിപ്പിക്കുകയും, ഇടയ്ക്കിടെ വസ്ത്രം മാറി നടക്കുകയും ചെയ്യുക പതിവാണ്.സ്ഥിരമായ താമസ സ്ഥലമില്ല, പുറമ്പോക്ക് പോലുള്ള സ്ഥലങ്ങൾ, ആളില്ലാത്ത വീടുകൾ, വർക്കല, ആയിരം തെങ്ങ് തുടങ്ങിയ കടൽ തീരപ്രദേശങ്ങൾ,

കനാൽ പുറമ്പോക്ക്, ആറ്റുതീരം തുടങ്ങിയ ഇടങ്ങളിൽ അന്തിയുറങ്ങുന്ന ഇയാൾവെളുപ്പിന് എണീറ്റ് മോഷണശ്രമത്തിനായി നീങ്ങുകയാണ് പതിവ്.മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, തികഞ്ഞ മോഷ്ടാവിന്റെ രീതികൾ തുടർന്നുവന്ന ഇയാൾ പോലീസിനെ കാലങ്ങളായി വട്ടം
കറക്കുകയായിരുന്നു. മൂന്നു ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നേരത്തെ 25 ഓളം കേസുണ്ടായിരുന്നു.

നിലവിൽ മാവേലിക്കര, അടൂർ, പന്തളം, കോന്നി, വെണ്മണി, പുത്തൂർ, കൊട്ടാരക്കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മാല പറിക്കൽ, മോഷണം എന്നീ കുറ്റകൃത്യങ്ങൾക്ക് 12 കേസുകളുണ്ട്. കഴിഞ്ഞ ഡിസംബറിൽ ജയിലിൽ നിന്നിറങ്ങിയ പ്രതി തുടർച്ചയായി മോഷണവും മറ്റും നടത്തി പല ജില്ലകളിൽ വിഹരിച്ചുവരികയായിരുന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പോലീസ് പലതവണ പിടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നല്ല കായിക ശേഷിയുള്ള ഇയാൾ വിദഗ്ദ്ധമായി രക്ഷപ്പെടുകയാണ് പതിവ്.പല പോലീസ് സ്‌ക്വാഡുകൾ മോഷ്ടാവിനെ കുടുക്കാൻ വിശ്രമമില്ലാതെ
നീക്കങ്ങൾ തുടരുന്നതിനിടെയാണ് അടൂർ പോലീസ് വലയിലാക്കിയത്.

പന്തളം, കോന്നി,മലയാലപ്പുഴ ഭാഗങ്ങളിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ അടൂർ പോലീസ്
ജാഗ്രതയോടെ കനത്ത നിരീക്ഷണം നടത്തിയതിന്റെ ഫലമായാണ് കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇയാളുടെ പൂർണ വിവരങ്ങൾ ശേഖരിച്ച അടൂർ പോലീസ്
മോഷണ ശ്രമം നടത്താൻ സാധ്യതയുള്ള പ്രദേശങ്ങളിലെ സി സി ടി വി ഉള്ള വീടുകൾ കേന്ദ്രീകരിച്ച് ഇയാളെ കുടുക്കാൻ വലവീശുകയായിരുന്നു. ഡി വൈ എസ് പി യുടെ
നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മാരായ മനീഷ് എം, വിമൽ രംഗനാഥു, സി പി ഓ മാരായ സൂരജ് ആർ കുറുപ്പ്, ഡാൻസാഫ് സംഘത്തിലെ സി പി ഓ മാരായ സുജിത്, അഖിൽ എന്നിവരാണ്
ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *