ഇന്ത്യക്കാർ കീവ് ഇന്നു തന്നെ വിടണമെന്ന് എംബസി: ഒഴിപ്പിക്കലിന് വ്യോമസേന
എല്ലാ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന് എംബസി. ട്രെയിനുകളോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് ഇന്ന് തന്നെ നഗരം വിടണമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. കീവിലെ സ്ഥിതി അതീവ ഗുരുതരമാകാൻ പോകുന്നു എന്നാണ് വിലയിരുത്തൽ.
ഇന്ത്യക്കാരെ ഒഴുപ്പിക്കാൻ വ്യോമസേനയും തയ്യാറെടുക്കുന്നു. ഔദ്യോഗിക നിർദേശത്തിനായി കാത്തിരിക്കുകയാണ്. സി-17 വിമാനങ്ങൾ എല്ലാ സജ്ജമാക്കിയെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക തങ്ങളുടെ പൗരന്മാരോട് റഷ്യ വിടാൻ ആവശ്യപ്പെട്ടു. നേരത്തെ ബെലാറൂസിൽ എംബസി അമേരിക്ക അടയ്ക്കുകയും ചെയ്തിരുന്നു.
യുക്രൈൻ തലസ്ഥാനം കീവ് വളഞ്ഞ് റഷ്യൻ സേന. കീവ് കടുത്ത പ്രതിരോധത്തിലാണെന്ന് യുക്രൈൻ സേന അറിയിച്ചു. കീവിലെ തന്ത്രപ്രധാനമായ കെട്ടിടം പിടിച്ചെടുക്കുനുള്ള റഷ്യയുടെ ശ്രമം തങ്ങൾ തകർത്തുയെന്നും യുക്രൈൻ വ്യക്തമാക്കി. എന്നാൽ തങ്ങൾ ആയുധം താഴെവെച്ച് കീഴടങ്ങില്ലെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെൻസ്കി പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.