പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ മാർച്ച് 7 മുതൽ

കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി മാർച്ച് 7 മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളായാണ് ഇത് നടത്തുന്നത്. കോവിഡ്-19 മഹാമാരിക്കാലത്ത് ഭാഗികമായോ പൂർണമായോ വാക്സിനുകൾ എടുക്കാൻ വിട്ടുപോയ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

 

ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്സിൻ, എംആർ, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്സിനുകൾ വാക്സിനേഷൻ ഷെഡ്യൂൾ പ്രകാരം യഥാസമയം കൊടുക്കുവാൻ വിട്ടുപോയിട്ടുള്ളവർക്കായാണ് യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇപ്പോൾ യജ്ഞം നടത്തുന്നത്. ഈ  ജില്ലകളിലായി 19,916 കുട്ടികൾക്കും 2,177 ഗർഭിണികൾക്കും വാക്സിൻ നൽകുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി 1649 സെഷനുകളാണ് നടത്തുക.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഈജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങൾ തരംതിരിച്ചു പരിശീലനങ്ങൾ നടത്തുകയും അർഹരായ കുട്ടികളുടെയും ഗർഭിണികളുടെയും പട്ടിക തയ്യാറാക്കുകയും ബന്ധപ്പെട്ട സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *