ഇ-ഓഫീസ് റവന്യൂവകുപ്പിന്റെ മുഖച്ഛായ മിനുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നവീകരിച്ച അടൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പ് ജില്ലയില്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നത്. പല വില്ലേജ് ഓഫീസുകളും ഇതിനോടകം സ്മാര്‍ട്ടായി കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ മേഖലകളിലും മികച്ച നേട്ടമാണ് സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ഇഓഫീസുകള്‍ ആയി മാറുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം സാധ്യമാകും. സൗകര്യപ്രദമായ രീതിയില്‍ സേവനങ്ങള്‍ നല്‍കുവാനും ഫയല്‍നീക്കത്തിലെ കാലതാമസം ഒഴിവാക്കാനും ഇ ഓഫീസ് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഓഫീസ് നവീകരണം പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി.സജി, വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, എഡിഎം അലക്സ്.പി. തോമസ്, ആര്‍ഡിഒ എ. തുളസിധരന്‍ പിള്ള, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, ഭൂരേഖ തഹസില്‍ദാര്‍ ഡി.സന്തോഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.