സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണം: ജില്ലാ കളക്ടര്‍
സമ്മര്‍ദങ്ങളില്‍ നിന്നും വിമോചിതരാകാന്‍ സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തിന്റെയും സ്ത്രീശക്തി കലാജാഥയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുടുംബശ്രീയുടെ അന്തസത്തയായ പരസ്പര സ്‌നേഹം നിലനിര്‍ത്താനായാല്‍ സമ്മര്‍ദങ്ങളില്‍ നിന്ന് സ്ത്രീകളെ വിമോചിപ്പിക്കാനും ശാക്തീകരിക്കാനുമാകും. സ്ത്രീകള്‍ തനതായ സ്വത്വത്തില്‍ നില നില്‍ക്കണമെങ്കില്‍ പരസ്പരം കൈത്താങ്ങാകണമെന്നും കളക്ടര്‍ പറഞ്ഞു. സ്ത്രീത്വത്തെ ആഘോഷിക്കാനുള്ള ദിവസമാണ് വനിതാദിനമെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.
വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ. എം.എസ്.സുനില്‍, ചിത്രകാരി ഗ്രേസി ഫിലിപ്പ്, വിദ്യാര്‍ഥികളായ സാന്ദ്ര ബിനോയി, അഞ്ജു ശ്രീലാല്‍ വെട്ടൂര്‍ എന്നിവരെ ആദരിച്ചു. വീഡിയോ പ്രദര്‍ശനം, സംവാദം, നാടകാവതരണവും ഇതോട് അനുബന്ധിച്ച് നടത്തി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്.മോഹനന്‍, കുടുംബശ്രീ എഡിഎംസി എല്‍.ഷീല, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, ചൈല്‍ഡ് ലൈന്‍ കോ – ഓര്‍ഡിനേറ്റര്‍ ആതിര സുകുമാരന്‍, രശ്മി രാജന്‍, കെ.എസ്. ഗായത്രി, എന്‍.എസ് ഇന്ദു, അഡ്വ പി.വി. വിജയമ്മ, പി.ആര്‍. അനുപ തുടങ്ങിയവര്‍ പങ്കെടുത്തു.
ധീരകളെ സൃഷ്ടിച്ച് മല്ലപ്പള്ളി ബിആര്‍സി;
ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ആയോധന കലകള്‍ സഹായിക്കും: ജില്ലാ കളക്ടര്‍
നമ്മുടെ സ്വന്തം മനസിനെയും ശരീരത്തെയും ദൃഢപ്പെടുത്താനും ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ആയോധന കലകള്‍ സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കുങ്ഫു പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂളില്‍ നടത്തിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി മുഖ്യാതിഥിയായി.
യോഗത്തില്‍ ബിആര്‍സി കോ-ഓഡിനേറ്റര്‍ വി.അമ്പിളി സ്വാഗതം ആശംസിച്ചു. ഉപഹാര സമര്‍പ്പണം തിരുവല്ല വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. പ്രസീന, സര്‍ട്ടിഫിക്കറ്റ് വിതരണം മല്ലപ്പള്ളി എഇഒ എം.ആര്‍. സുരേഷ് എന്നിവര്‍ നിര്‍വഹിച്ചു.
കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, കല്ലൂപ്പാറ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മനു ഭായ് മോഹന്‍, മല്ലപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ്് റിമി ലിറ്റി, കെഎന്‍എം പിടിഎ പ്രസിഡന്റ് കെ.കെ. ബൈജുകുട്ടന്‍, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, ഓള്‍ ഇന്ത്യ കുങ്ഫു ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എം.ജി. ദിലീപ് കെഎന്‍എം ജിഎച്ച്എസ് പ്രഥമ അധ്യാപിക ജെ.എല്‍. എന്നിവര്‍ സംസാരിച്ചു.
പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, മാനസിക- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരും സമഗ്ര ശിക്ഷ കേരളയും സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഷാവോലിന്‍ കുങ്- ഫുവില്‍ പരിശീലനം നല്‍കിയത്. ധീര എന്ന പേരില്‍ മല്ലപ്പള്ളി ബിആര്‍സിയുടെ പരിധിയില്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂള്‍, കീഴ്‌വായ്പൂര്‍ ഗവ. വി.എച്ച്എസ്‌സി സ്‌കൂള്‍, വായ്പൂര്‍ എംആര്‍എസ്എല്‍ വി സ്‌കൂള്‍, പാലയ്ക്കത്തകിടി സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് കുങ്ഫു സ്‌പോര്‍ട്‌സ് അസോസിയേഷന്റെ പരിശീലകരായ ആര്‍.എല്‍. വിജയന്‍, അദിഭകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.