1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ
ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയിൽ, കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്തും
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്. കൂടാതെ ഏപ്രിൽ, മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എൽ.സി, ഹയർസെക്കന്ററി/ വി.എച്ച്.എസ്.ഇ മൂല്യ നിർണ്ണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രിൽ 2-ന്പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പാഠഭാഗങ്ങൾ പൂർത്തിയാക്കി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽ നിന്ന് കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.