പരിഭ്രാന്തി സൃഷ്ടിച്ച സന്ദേശം ബോധവല്‍ക്കരണത്തിന് വഴിമാറി

 

 

പന്തളം കടയ്ക്കാട് ദേവീക്ഷേത്ര സത്ര കടവിന് സമീപം അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് കന്നിയേലതുണ്ടില്‍ ചീര്‍പ്പ് ഭാഗത്ത് നിരവധി ആളുകള്‍ കുടുങ്ങിയിരിക്കുന്നുവെന്ന സന്ദേശം കുറച്ചു സമയത്തേക്കെങ്കിലും ആശങ്കപടര്‍ത്തി. ഉടന്‍ തന്നെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായി രക്ഷാപ്രവര്‍ത്തന ദൗത്യം നടത്തിയപ്പോള്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആശങ്ക ആശ്വാസത്തിനും ബോധവല്‍ക്കരണത്തിനും വഴിമാറി. റവന്യൂ, ഫയര്‍ ഫോഴ്‌സ്, ആരോഗ്യം, പോലീസ്, പന്തളം നഗരസഭ, കെഎസ്ഇബി എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

രക്ഷാപ്രവര്‍ത്തനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്നു വിലയിരുത്തുന്നതിനുള്ള പരിശീലനത്തിനും ബോധവല്‍ക്കരണത്തിനുമാണ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മോക്ഡ്രില്‍ നടത്തിയത്. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ മോക്ഡ്രില്ലില്‍ പങ്കാളികളായി. റബ്ബര്‍ ബോട്ട് (ഡിങ്കി), സ്ട്രച്ചര്‍, ലൈഫ് ബോയി, ലൈഫ് ജാക്കറ്റ്, റോപ്പ്, ആംബുലന്‍സ് തുടങ്ങിയവ മോക്ഡ്രില്ലിന് ഉപയോഗിച്ചു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റില്‍ നിന്ന് മോക്ഡ്രില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ മോക്ഡ്രില്‍ ഏകോപിപ്പിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍. രവി, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, അടൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍, എസ്‌ഐ ബി. ശ്രീജിത്ത്, കുരമ്പാല വില്ലേജ് ഓഫീസര്‍ ജി.അനന്ദകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *