പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (18-3-2022)

റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും
ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം 21ന്

റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം  മാര്‍ച്ച് 21ന് ഉച്ചകഴിഞ്ഞ് 2.30ന് റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിദ്യാഭ്യാസ മാര്‍ഗരേഖ സ്വീകരിക്കും. നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് മാര്‍ഗരേഖ അവതരണവും എസ്‌ഐഇടി ഡയറക്ടര്‍ ബി. അബുരാജ് മാര്‍ഗരേഖ അവലോകനവും നടത്തും. യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.
അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതിയ ദിശയും ലക്ഷ്യവും നല്‍കാന്‍ നോളജ് വില്ലേജ് പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഇന്നവേഷന്‍ ഹബ് ഉള്‍പ്പെടെയുള്ള സ്‌കില്‍ പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് കുട്ടികളുടെ സര്‍ഗാത്മക ആവിഷ്‌കാരങ്ങളും സാമൂഹ്യ ഇടപെടലുകളും രേഖപ്പെടുത്തുന്ന ഇ- ബുക്ക് ആവിഷ്‌ക്കാര്‍ കേരളത്തിലെ തന്നെ ആദ്യ ഉദ്യമം ആണെന്ന് അദ്ദേഹം പറഞ്ഞു.

വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 14 ജില്ലകളിലായി 18 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സംരംഭകത്വ വികസനപരിശീലന പരിപാടികള്‍ ആരംഭിക്കും. പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനുമാണ് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കും.  ഈ ആറ് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും.
മിനിമം യോഗ്യത: പത്താം ക്ലാസ്പഠനം. 35 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. പത്തനംതിട്ട ജില്ലയില്‍ നിന്നും പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആവിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) മാര്‍ച്ച് 31 ന് മുന്‍പായി സമര്‍പ്പിക്കണം.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും  റേഷന്‍കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം – മേഖലാമാനേജര്‍, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍, ഗ്രൗണ്ട്ഫ്ളോര്‍ ട്രാന്‍സ്പോര്‍ട്ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട് അട്ടകുളങ്ങര പി.ഒ, തിരുവനന്തപുരം-695023. ഫോണ്‍ – 0471- 2328257, 9496015006, ഇ-മെയില്‍ : rotvm@kswdc.org

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ,  ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ്, അക്ഷയ വെബ്സൈറ്റ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം.
ഫോണ്‍: 04682 -322706, 322708.

പിഎം കിസാന്‍ സമ്മാന്‍ പദ്ധതി: ബാങ്ക് അക്കൗണ്ട്
ആധാറുമായി ബന്ധിപ്പിക്കണം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍  നിധിയില്‍ അംഗങ്ങളായിട്ടുളള എല്ലാ ഗുണഭോക്താക്കളും  തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി  ബന്ധിപ്പിച്ചാല്‍  മാത്രമേ ഏപ്രില്‍ മുതലുളള ഗഡുക്കല്‍ ലഭിക്കു. എല്ലാ പ്രധാനമന്ത്രി  കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളും  അവരുടെ നിലവിലുളള പിഎം കിസാന്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി മാര്‍ച്ച് 31 നകം ബന്ധിപ്പിച്ചു എന്ന് ഉറപ്പു വരുത്തണമെന്ന് പത്തനംതിട്ട  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
  ലോക വദനാരോഗ്യ ദിനം: സംസ്ഥാനതല ഉദ്ഘാടനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 20ന്

ലോകവദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടക്കുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു.  മാര്‍ച്ച് 20ന് രാവിലെ 10ന് ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും.  പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍  ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് 20ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡെന്റല്‍ മെഡിക്കല്‍ ക്യാമ്പും, രാവിലെ  11.30 മുതല്‍ വദനാരോഗ്യ ബോധവല്‍ക്കരണ ക്ലാസും  ഉണ്ടായിരിക്കുമെന്നും ഡിഎംഒ അറിയിച്ചു.

 

മൂലൂര്‍ അനുസ്മരണവും കാവ്യാഞ്ജലിയും 22ന്
മൂലൂര്‍ അനുസ്മരണവും കാവ്യാഞ്ജലിയും മാര്‍ച്ച് 22ന് രാവിലെ 10ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ 91-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും.
രാവിലെ ഒന്‍പതിന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങിന് തുടക്കം കുറിക്കുക.  അനുസ്മരണ സമ്മേളനത്തിനു ശേഷം നടക്കുന്ന കാവ്യാഞ്ജലിയില്‍ പ്രമുഖ കവികള്‍ പങ്കെടുക്കുമെന്ന് മൂലൂര്‍ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാലനും സെക്രട്ടറി പ്രൊഫ.ഡി. പ്രസാദും അറിയിച്ചു.

അയിരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള
പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന് (മാര്‍ച്ച് 19)

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് (19) രാവിലെ 11ന് നിര്‍വഹിക്കും. അയിരൂര്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രസാദ്, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അയിരൂര്‍ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി ഒന്‍പത് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.

ബയോബിന്നുകള്‍ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു
ഉറവിട മാലിന്യ സംസ്‌കരണത്തിനായി  ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും,  നൂറ് ബയോബിന്നുകളും സബ്‌സിഡിയോടെ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു തുടങ്ങി. ബയോബിന്നുകളുടെ  വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍  നിര്‍വഹിച്ചു. ഉപാധ്യക്ഷ ആമിന ഹൈദരാലി,  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.അജിത് കുമാര്‍,  ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബിക വേണു, കൗണ്‍സിലര്‍മാരായ ആര്‍.സാബു, സി.കെ. അര്‍ജുനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീസ്.പി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
500 കി.ഗ്രാം ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് നഗരസഭാ മാര്‍ക്കറ്റില്‍ പൂര്‍ത്തിയായി വരുകയാണ്. മാലിന്യ സംസ്‌കരണത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി നഗരസഭ സ്വീകരിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അറവു മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ വാഹനവും നഗരസഭ ആരോഗ്യവിഭാഗം കസ്റ്റഡിയിലെടുത്തു.


ഏഴംകുളം ചിത്തിര കോളനി, പന്തളം വല്യയ്യത്ത് കോളനി നവീകരണത്തിന്
ഒരു കോടിരൂപ വീതം അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ മണ്ഡലത്തിലെ പട്ടിക ജാതി കോളനികളായ ഏഴംകുളം ചിത്തിര കോളനി, പന്തളം വല്യയ്യത്ത് കോളനി എന്നിവയുടെ നവീകരണത്തിന് ഓരോ കോടി രൂപാ വീതം അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. രണ്ട് പട്ടിക ജാതി കോളനികള്‍ക്ക് ഒരു കോടി രൂപ അടങ്കല്‍ വീതം ലഭ്യമാക്കി ഉത്തരവായതായി ഡെപ്യൂട്ടി സ്പീക്കര്‍അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ സമ്പൂര്‍ണ കോളനി നവീകരണ പദ്ധതിയായ അംബേദ്ക്കര്‍  ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമസഭാ സാമാജികനെന്ന നിലയില്‍ നിര്‍ദേശിച്ചിരുന്നതായ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ചിത്തിര കോളനി, പന്തളം നഗരസഭ വല്യയ്യത്ത് കോളനി എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം പദ്ധതി അംഗീകരിച്ച് ഓരോകോടി രൂപവീതം ഫണ്ട് ലഭ്യമാക്കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ കടമ്പനാട് പഞ്ചായത്തിലെ കലവറ, കോളൂര്‍കുഴി കോളനിയുടെ വികസന പ്രവര്‍ത്തികള്‍ എഴുപത് ശതമാനത്തോളം തീര്‍ന്നിട്ടുള്ളതായും സമീപഭാവിയില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
അടൂര്‍ നിയമസഭാ സാമാജികനെന്ന നിലയില്‍ ഇതിനകം അനുവദിപ്പിച്ച സമ്പൂര്‍ണ കോളനി പദ്ധതികളായ ഏറത്ത്-മുരുകന്‍കുന്ന് കോളനി, ഏഴംകുളം-കുലശേരി കോളനി, തുമ്പമണ്‍- മുട്ടം കോളനി, പള്ളിക്കല്‍ മേലൂട് കോളനി, പന്തളം തെക്കേക്കര – പടുകോട്ടുക്കല്‍ അംബേദ്കര്‍ കോളനി അടക്കമുള്ളവയുടെ വികസനം പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുള്ളതാണ്. സമയബന്ധിത വികസനമാണ് പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും  പിന്നോക്കാവസ്ഥയില്‍ ഉള്ളതായ മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലെ പരമാവധി കോളനികളിലും സമാനമായ വികസനം ഉറപ്പാക്കുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഒപ്പം അടൂര്‍ മുനിസിപ്പാലിറ്റിയിലെ പട്ടികജാതി പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ചുറ്റുമതിലടക്കമുള്ള അടിസ്ഥാനസൗകര്യവികസനത്തിനായി 44 ലക്ഷം രൂപ വകുപ്പുതല ഫണ്ടും ലഭ്യമാക്കാനായിട്ടുണ്ട്. നിലവില്‍ അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ രണ്ട് കോളനികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *