വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം: വനം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശം നല്കും -മന്ത്രി വി.എൻ.വാസവൻ
വനം വകുപ്പിൻ്റെ നിരാക്ഷേപ പത്രം ആവശ്യപ്പെട്ട് ഭൂമി കൈമാറ്റം തടസ്സപ്പെടുത്തുന്നതിന് പരിഹാരം വേണം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.
കോന്നി:വനഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ വനം വകുപ്പിൻ്റെ നിരാക്ഷേപ പത്രം ആവശ്യമാണ് എന്ന നിർദ്ദേശം എല്ലാ ഭാഗങ്ങളിലും നിലവിലില്ല എന്ന് രജിസ്ട്രേഷൻ -സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇതു സംബന്ധിച്ച് ഉന്നയിച്ച സബ്മിഷൻ്റെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മലയോര മേഖലയിൽ വനഭൂമിയുമായും, കൈവശഭൂമിയുമായും അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുന്നതിന് ചില സബ് രജിസ്ട്രാർമാർ വനംവകുപ്പിൻ്റെ നിരാക്ഷേപ പത്രം ആവശ്യപ്പെടുകയും, ഭൂമി കൈമാറ്റത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും നിലവിലില്ലാത്ത നിയമങ്ങൾ പറഞ്ഞാണ് ഉദ്യോഗസ്ഥർ തടസ്സങ്ങൾ പറയുന്നത്.ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമാണ് എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്.
നിക്ഷിപ്ത വനഭൂമി ഉൾപ്പെടുന്ന സർവ്വേ നമ്പരിലുള്ള ആധാരങ്ങൾ രജിസ്ട്രേഷൻ നടത്തുമ്പോൾ മാത്രമാണ് വനം വകുപ്പിൻ്റെ നിരാക്ഷേപ പത്രം വേണമെന്ന് നിർദ്ദേശമുള്ളതെന്ന് മന്ത്രി പറഞ്ഞു. നിക്ഷിപ്ത വനഭൂമി ഉള്ളതായി നോട്ടിഫൈ ചെയ്തിട്ടുള്ള പ്രദേശത്ത് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ നിക്ഷിപ്ത വനഭൂമി ഉൾപ്പെടുന്ന സർവ്വേ നമ്പരുള്ള ഭൂമിയില്ല എങ്കിൽ വനംവകുപ്പിൻ്റെ നിരാക്ഷേപ പത്രത്തിനു പകരം ഒരു ഡിക്ലറേഷൻ നല്കിയാൽ മതി എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.
എന്നാൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മണ്ണാർക്കാട്, അഗളി സബ് രജിസ്ട്രാർമാർക്ക് നിരാക്ഷേപ പത്രം നിർബന്ധമാണ് എന്നു കാട്ടി കത്ത് നല്കിയിട്ടുണ്ട്. വനഭൂമി അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ പാലിക്കേണ്ട വ്യക്തമായ നിർദ്ദേശത്തിൻ്റെ അഭാവമുണ്ട്.
ഡി.എഫ്.ഒ മാർ അവരുടെ തലത്തിൽ നിർദ്ദേശം പുറപ്പെടുവിക്കുന്ന സാഹചര്യവും നിലനില്ക്കുന്നു. ഏതൊക്കെ സാഹചര്യത്തിലാണ് നിരാക്ഷേപ പത്രം ഹാജരാക്കേണ്ടതെന്നും, നിരാക്ഷേപപത്രം ഹാജരാക്കുന്നതിനുള്ള നടപടിക്രമവും, സമയ പരിധിയും സംബന്ധിച്ചും വ്യക്തതയുണ്ടാകേണ്ടതുണ്ട്.ഇതിനായി വനം,റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉചിതമായ മാർഗ്ഗ നിർദ്ദേശം നല്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വ്യക്തത ആകുന്നതോടെ മലയോര ജനതയുടെ ദീർഘകാല പ്രശ്നത്തിന് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. വസ്തു കൈമാറ്റം ചെയ്യാൻ കഴിയാത്തതുമൂലം വിവാഹം, ചികിത്സ പോലുള്ള കാര്യങ്ങൾ പോലും മുടങ്ങി പോകുന്ന സ്ഥിതിയുണ്ട്.നിലവിലുള്ള നിയമത്തിൻ്റെ അടിസ്ഥാനത്തിൽ വ്യക്തമായ നിർദ്ദേശം വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു.