konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ് (98)അന്തരിച്ചു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു .സംസ്കാരം 21/03/2022 രാവിലെ 11 മണിയ്ക്ക് .
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പി.ജെ. തോമസ്.
3 തവണ കോന്നി എം എൽ എയും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.റബര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു .1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു ,1967,1970,1977,1982 വര്‍ഷത്തിലും മത്സരിച്ചു.
1965ലാണ് കോന്നി നിയോജകമണ്ഡലം രൂപവത്കൃതമാകുന്നത്. ഇതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ അന്നത്തെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ഡി.സി.സി പ്രസിഡൻറ് സി.എൻ. സ്റ്റീഫെൻറ നിർദേശപ്രകാരമാണ് പി.ജെ. തോമസ് മത്സരിക്കുന്നത്.
ആദ്യ മത്സരത്തിൽതന്നെ നിയമസഭയിൽ എത്തിയെങ്കിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ അന്ന് നിയമസഭ കൂടിയില്ല.ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കോന്നി പഞ്ചായത്ത് കടവ് പാലം, മുണ്ടോമൂഴി പാലം, തണ്ണിത്തോട് പാലം, പത്തനാപുരം-കോന്നി റോഡ്, വി.- കോട്ടയം റോഡ്, അച്ചൻകോവിൽ-ചിറ്റാർ റോഡ്, കോന്നി പഞ്ചായത്തിന് സ്ഥലം വാങ്ങി കെട്ടിടനിർമാണം ഉൾപ്പെടെ വികസനങ്ങൾക്ക് തുടക്കം കുറിച്ചു . രാഷ്ട്രീയ പ്രചാരണയോഗത്തിൽ ഇന്ദിരഗാന്ധിയും ഡോ. ശങ്കർ ദയാൽശർമയും കെ. കരുണാകരനും കോന്നിയിൽ എത്തിയത് അന്നത്തെ കോന്നിയുടെ പ്രധാന സംഭവമായി മാറിയിരുന്നു
അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിന് മുൻ എം.എൽ.എ പി.ജെ.തോമസിന്റെ പേര് നൽകണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.
കോന്നി പഞ്ചായത്തിലെ അട്ടച്ചാക്കലിൽ നിന്ന് തുടങ്ങി വടശേരിക്കര പഞ്ചായത്തിലെ കുമ്പളാംപൊയ്കയിൽ അവസാനിക്കുന്ന 13 കിലോമീറ്റർ റോഡ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുമാണ്.
1979 ഒക്ടോബർ 2ന് അടിയന്തരാവസ്ഥ സമയത്ത് കോന്നി എം.എൽ.എ ആയിരുന്ന പി.ജെ.തോമസിന്റെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റത്തിൽ പിറവിയെടുത്ത റോഡാണിത്. അന്ന് അട്ടച്ചാക്കലിൽ നിന്ന് തുടങ്ങുന്ന ഇടുങ്ങിയ ഗ്രാമീണ റോഡ് ചെങ്ങറ വരെയും പുതുക്കുളത്ത് നിന്ന് തുടങ്ങുന്ന ഹാരിസൺസ് കമ്പനിയുടെ റോഡ് ചെറത്തിട്ട ജംഗ്ഷൻ വരെയും എത്തി നിൽക്കുകയായിരുന്നു. ഈ റോഡുകളെ ബന്ധിപ്പിച്ചാൽ കോന്നി, റാന്നി നിയമസഭാ മണ്ഡലങ്ങളിലെ ജങ്ങൾക്ക് പ്രയോജനപ്രദമാകുമെന്നും അതിനായി സ്ഥലം വിട്ടുതരണമെന്നും ആവശ്യപ്പെട്ടു പി.ജെ. തോമസ് ഹാരിസൺസ് കമ്പനിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിലെത്തി നിവേദനം നൽകിയിട്ടും അനുകൂല നിലപാടുണ്ടായില്ല. എന്നാൽ പി.ജെ.തോമസ് പിൻമാറാൻ ഒരുക്കമായിരുന്നില്ല.
കോന്നി പഞ്ചായത്ത് മെമ്പറായിരുന്ന പി.ഇ.മത്തായിയുടെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ചു റോഡ് വെട്ടുകയായിരുന്നു. 1979ലെ ഗാന്ധിജയന്തിദിനത്തിൽ പി.ജെ.തോമസ് ഹാരിസൺസ് കമ്പനിയുടെ ആദ്യത്തെ തേയിലച്ചെടി വെട്ടിമാറ്റി, പിന്നാലെ നാട്ടുകാരും. അന്നത്തെ കൊല്ലം ജില്ലാപൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ജനകീയ മുന്നേറ്റത്തെ തടയാൻ കഴിഞ്ഞില്ല.
ഹാരിസൺസ് കമ്പനി പി.ജെ തോമസിനെ ഒന്നാംപ്രതിയാക്കി വെട്ടിമാറ്റിയ തേയിലച്ചെടി ഒന്നിന് 40 ബ്രിട്ടീഷ് പൗണ്ട് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് കൊടുത്തെങ്കിലും റോഡ് നാട്ടുകാരുടെ ആവശ്യമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. 13 കിലോമീറ്റർ ദൂരമുള്ള റോഡിലെ നാലുകിലോമീറ്റർ ഹാരിസൺസ് മലയാളം പ്ലാന്റേഷനിലൂടെയാണ് കടന്നുപോകുന്നത്.
അടുത്തിടെ റോഡ് 18 കോടിരൂപ മുടക്കി ബിഎം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ചു. റോഡിന് പി.ജെ.തോമസിന്റെ നാമകരണം നടത്തണം എന്ന് ജനം ആവശ്യം ഉന്നയിച്ചു