കോട്ടയത്ത് മെഗാ തൊഴിൽമേള 25ന്; 3000 തൊഴിലവസരം – സ്പോട്ട് രജിസ്ട്രേഷന് അവസരം
കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലെൻസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാർച്ച് 25ന് നാട്ടകം ഗവൺമെന്റ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നൽകും.
മാർച്ച് 25ന് രാവിലെ ഒൻപതു മുതൽ നാട്ടകം ഗവൺമെന്റ് കോളജിലെ പ്രത്യേക കൗണ്ടറിൽ എസ്.എസ്.എൽ,സി., പ്ലസ് ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഇതിനായി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം നേരിട്ടെത്തുക.
ജോബ് ഫെയറിൽ വൻകിട – ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, സംരംഭകർ, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ്, ഐ.റ്റി., ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ 62 തൊഴിൽദാതാക്കളിൽ നിന്നായി 3000 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.