എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ
എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷ ഉണ്ടാകുക. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ 10 വരെ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് മുപ്പതിനും ആരംഭിക്കും.
4,27,407 വിദ്യാർഥികളാണ് ഇത്തവണ ആകെ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് പരീക്ഷ നടക്കുക. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ 10 വരെയും നടക്കും. 2962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
ഗൾഫ് മേഖലയിൽ ഒമ്പത് സെന്ററുകളിലായി 574 കുട്ടികളും, ലക്ഷദ്വീപിൽ ഒമ്പത് സെന്ററുകളിലായി 882 കുട്ടികളും പരീക്ഷ എഴുതും. ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് നടക്കുക. 4,32,436 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 2005 സെന്ററുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. വൊക്കേഷണൽ പരീക്ഷകളും മാർച്ച് 30 മുതല്‍ ഏപ്രിൽ 26 വരെ നടക്കും. ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.