എം.ജി സർവകലാശാല കലോത്സവത്തിന് പത്തനംതിട്ട ഒരുങ്ങി : 300 കോളേജുകളിലെ പ്രതിഭകള്‍

 

എല്ലാ മത്സരങ്ങളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും മത്സരിക്കാൻ അവസരംനൽകുന്ന ആദ്യ കലോത്സവമാകാൻ എംജി കലോത്സവം തയ്യാറെടുക്കുന്നു. മുമ്പ്‌ ചില മത്സരയിനങ്ങളിൽ മാത്രമാണ്‌ അവസരം നൽകിയിരുന്നത്‌. പെൺകുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുമായി പ്രത്യേക ഹെൽപ്പ്‌ ഡെസ്‌കും കലോത്സവത്തിലുണ്ടാകും.

ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ട നഗരത്തിൽ നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം യുവപ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്സൺ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഏഴ്‌ വേദികളിലാണ് മത്സരങ്ങൾ. ഉദ്ഘാടന ദിവസം രാത്രി എട്ടിന്‌ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.

ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാനാവുന്ന പന്തൽ ക്രമീകരിച്ചു. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് എത്തുക.

ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിന് പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന്‌ ജില്ലാ സ്റ്റേഡിയത്തിൽ ഉദ്‌ഘാടന സമ്മേളനം നടക്കും. ചലച്ചിത്രതാരം നവ്യ നായർ, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, ചലച്ചിത്ര താരം ആന്റണി വർഗീസ് പെപ്പെ, അനശ്വര രാജൻ, ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, സംവിധായകൻ എബ്രിഡ് ഷൈൻ, നടൻ കൈലാഷ് എന്നിവരുൾപ്പെടുന്ന വൻനിര സമ്മേളനങ്ങളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *