പത്തനംതിട്ടയില്‍ എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും:ഏഴ് വേദികളിലായി 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്

പത്തനംതിട്ടയില്‍ എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും:ഏഴ് വേദികളിലായി 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്

 

മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. യുവത്വം ആഘോഷത്തിന്റെതാണെന്നും ഇക്കാലം ഏറ്റവും ആഘോഷമാക്കണമെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു. കലാലയ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് സഫലമാക്കാന്‍ സാധിക്കട്ടെയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അടിസ്ഥാനപരമായി മനുഷ്യന്റെ വികാരങ്ങളുടെ പ്രതിഫലനവും പ്രകടനവുമാണ് കലയെന്നും ഒരു കലാകാരനും കലാകാരിക്കും പ്രത്യേകമായി ഒരു മതമില്ലെന്നും അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതിയ ആശയങ്ങളും നേതൃത്വവും ഉണ്ടാകുന്നത് കലാലയങ്ങളില്‍ നിന്നും യുവത്വത്തില്‍ നിന്നുമാണ്. ഇനി ഒരു കോവിഡ് തരംഗം വന്നാലും നമ്മള്‍ ഒരുമിച്ച് അതിശക്തമായി അതിജീവിക്കുമെന്നും രണ്ടു വര്‍ഷം പിന്നോട്ട് പോയതിന്റെ മുന്നോട്ടു വരവിന്റെ പ്രഖ്യാപനം കൂടിയാണ് ജില്ലയില്‍ നടക്കുന്ന കലോത്സവമെന്നും മന്ത്രി പറഞ്ഞു.

പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.റ്റി. അരവിന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗവും സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനുമായ അഡ്വ. റോഷന്‍ റോയ് മാത്യു, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ റെജി സക്കറിയ, ഡോ. ആര്‍. അനിത, മുന്‍ എംഎല്‍എ രാജു എബ്രഹാം, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പ്രകാശ് കുമാര്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, ഡി.എസ്.എസ്. ഡയറക്ടര്‍ ഡോ. എം.കെ. ബിജു, സംഘാടക സമിതി രക്ഷാധികാരികളായ നിര്‍മലാദേവി, പി.ആര്‍. പ്രസാദ്, പി.ബി. ഹര്‍ഷ കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. പ്രദീപ്, കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. റെയ്‌സണ്‍ സാം രാജു, അമല്‍ എബ്രഹാം, സര്‍വകലാശാല ചെയര്‍മാന്‍ വസന്ത് ശ്രീനിവാസ്, ജനറല്‍ സെക്രട്ടറി പി.എസ്. വിപിന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ശരത് ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒത്തുചേരാനുള്ള അവസരമാണ് കലോത്സവത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഏഴ് വേദികളിലായി 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നു തുടങ്ങിയ വര്‍ണാഭമായ സാംസ്‌കാരികഘോഷ യാത്രയോടെയാണ് കലോത്സവത്തിനു തിരി തെളിഞ്ഞത്. തൃശൂരിന്റെ പുലികളിയും മലബാറിലെ തെയ്യവും അണിനിരന്ന ഘോഷയാത്രയ്ക്ക് മോടി കൂട്ടി മയൂരനൃത്തം, നിലക്കാവടി, അര്‍ജുനനൃത്തം, പടയണിക്കോലങ്ങള്‍, പമ്പമേളം, പഞ്ചവാദ്യം എന്നിവയും ഉണ്ടായിരുന്നു. റോളര്‍ കോസ്റ്റ്, എന്‍സിസി കേഡറ്റുകള്‍, പരേഡ് ബാന്‍ഡ് സെറ്റ് തുടങ്ങിയവ ഘോഷയാത്രയെ പൊലിപ്പിച്ചു. അബാന്‍ ജംഗ്ഷന്‍, ടൗണ്‍, പോസ്റ്റ് ഓഫീസ് വഴി ജില്ലാ സ്റ്റേഡിയത്തില്‍ ഘോഷയാത്ര സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *