പ്രകൃതിക്ഷോഭം: നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ എംഎല്‍എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

പ്രകൃതിക്ഷോഭം: നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍
എംഎല്‍എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡും തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്ന റാന്നി കക്കുഴിയില്‍ ജോബി മാത്യുവിന്റെ വീടും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ കാറ്റില്‍  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡിലെ താല്‍ക്കാലിക സ്‌കൂളിന്റെ പുറത്തേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. സ്‌കൂളിനെ കൂടാതെ രണ്ട് കടയും തകര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ലോട്ടറി കടയും ഗോപി റ്റീ ഷോപ്പുമാണ് തകര്‍ന്നത്.
കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് നഷ്ടമുണ്ടായവരുടെ കണക്കുകള്‍ പരിശോധിക്കാനും നഷ്ടപരിഹാരത്തുക ചര്‍ച്ച ചെയ്യാനുമായി കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും  സംയുക്ത യോഗം ഈ മാസം പതിനൊന്നിന് ചേരുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
റാന്നിയില്‍ മഴയിലും കാറ്റിലും വീടിന് നാശനഷ്ടം സംഭവിച്ചവരുടെ വിശദ വിവരങ്ങള്‍  ദ്രുത ഗതിയില്‍ കണക്കാക്കാന്‍ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ക്ക്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍ദേശം നല്‍കി. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന അപകടസാധ്യതയുണ്ടാക്കുന്ന കാലപ്പഴക്കമേറിയ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടികള്‍ പരിശോധിച്ച ശേഷം സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, പഞ്ചായത്ത് അംഗം അജിത് എണസ്റ്റ്, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *