അംബേദ്കർ ഗ്രാമം പദ്ധതി: കോന്നി നിയോജക മണ്ഡലത്തിൽ 3 കോടിയുടെ പദ്ധതിയ്ക്ക് അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

അംബേദ്കർ ഗ്രാമം പദ്ധതി: കോന്നി നിയോജക മണ്ഡലത്തിൽ 3 കോടിയുടെ പദ്ധതിയ്ക്ക് അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

കോന്നി:നിയോജക മണ്ഡലത്തിലെ മൂന്ന് കോളനികളുടെ സമഗ്ര വികസനത്തിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരമാണ് രണ്ടു പട്ടിക ജാതി കോളനികൾക്കും ഒരു പട്ടിക വർഗ്ഗ കോളനിയ്ക്കും ഓരോ കോടി രൂപ വീതം അനുവദിച്ചു ഭരണാനുമതി ലഭ്യമായത്.

കലഞ്ഞൂർ പഞ്ചായത്തിലെ പാടം ഇരുട്ട്തറ ലക്ഷം വീട് കോളനി, സീതത്തോട് പഞ്ചായത്തിലെ ഇടുപ്പ് കല്ല് കൊച്ചാണ്ടി കോളനി, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടത്തി കോട്ടാമ്പാറ പട്ടികവർഗ്ഗ കോളനി എന്നീ കോളനികൾക്കാണ് തുക അനുവദിച്ച് ഭരണനുമതി ലഭിച്ചത്. വികസനപരമായി പിന്നോക്കം നിൽക്കുന്ന കോളനികൾക്ക് മുൻഗണന നല്കിയാണ് സർക്കാർ പദ്ധതിയ്ക്ക് അനുമതി നല്കിയത്.

കോന്നി നിയോജക മണ്ഡലത്തിലെ പശ്ചാത്തല വികസനം കുറവുള്ള കോളനികളെ തിരഞ്ഞെടുത്തു എം എൽ എ വകുപ്പ് മന്ത്രിയ്ക്കു കത്ത് നല്കിയിരുന്നു.ഇതേ തുടർന്നാണ് തുക അനുവദിച്ചത്.കോളനികളിൽ റോഡ് നിർമ്മാണം, വീട് പുനരുദ്ധരിക്കൽ, കുടിവെള്ളം എത്തിക്കൽ, സംരക്ഷണഭിത്തികളുടെ നിർമ്മാണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കും.

പട്ടിക ജാതി കോളനികളുടെ നിർവഹണ ചുമതല ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്കും, പട്ടികവർഗ് കോളനിയുടെ നിർവഹണ ചുമതല ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്കുമായിരിക്കും. നിർമാണചുമതല സംസ്‌ഥാന നിർമ്മിതി കേന്ദ്രമാണ് നിർവ്വഹിക്കുന്നത്.

ബന്ധപ്പെട്ട കോളനി യോഗങ്ങളും ഊരു കൂട്ടവും വിളിച്ചു ചേർത്ത് കോളനികളുടെ വികസന പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും, ഈ യോഗങ്ങളിൽ ഉന്നയിക്കുന്ന വികസന പ്രശ്നങ്ങൾക്ക് മുൻഗണന നല്കുമെന്നും എം എൽ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *